കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നവംബർ ആദ്യ ആഴ്ചയിൽ നടത്താനിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷ മാറ്റിവയ്ക്കണമെന്ന് യുണൈറ്റഡ് ആക്ഷൻ ഫോറം പ്രൊട്ടക്ടഡ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരീക്ഷയ്ക്ക് മുമ്പായി പ്രസിദ്ധീകരിക്കേണ്ട പരീക്ഷാപാറ്റേൺ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒഴിവുകളും പറഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിന്റെ ഉത്തരവ് പിൻവലിച്ചതിന് ശേഷമാകണം പരീക്ഷയെന്നും അവർ പറഞ്ഞു. ജനറൽ കൺവീനർ അലീന എസ്, കൺവീനർ അഖിൽ മുരളി, നിലീന മോഹൻകുമാർ എന്നിവർ പങ്കെടുത്തു.