കൊച്ചി: സംസ്ഥാനത്തെ അലങ്കാര മത്സ്യക്കൃഷി രംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനുമായി സംസ്ഥാന സർക്കാർ വിദഗ്ദ്ധസമിതിയെ നിയമിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഫിഷറീസ് ഡീനും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ. കെ. റിജി ജോണാണ് സമിതി ചെയർമാൻ. സംസ്ഥാനത്തെ അലങ്കാരമത്സ്യക്കൃഷിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ധവളപത്രം തയ്യാറാക്കുകയും ഈ രംഗത്തെ ആഗോളസാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സമഗ്രമായ രൂപരേഖ സമർപ്പിക്കുകയുമാണ് വിദഗ്ദ്ധ സമിതിയുടെ ചുമതല.

സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയിൽ അലങ്കാരമത്സ്യക്കൃഷിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും സമിതി ശുപാർശ നൽകും. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ഇഗ്‌നേഷ്യസ് മൺറോ കൺവീനറായുള്ള സമിതിയിൽ കുഫോസ് അക്വാകൾച്ചർ വിഭാഗം മേധാവി ഡോ.കെ. ദിനേഷ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ്, നിഫാം ജോയിന്റ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, അലങ്കാരമത്സ്യ എക്‌സ്‌പോർട്ടർ സന്തോഷ് ബേബി, ടി. പുരുഷോത്തമൻ, സ്റ്റേറ്റ് ഫിഷ് സീഡ് സെന്റർ മെബർ സെക്രട്ടറി എച്ച്. സലിം, കേരള അക്വാവെഞ്ച്വർ ഇന്റർനാഷണൽഎം.ഡി.സാജു എം.എസ് എന്നിവർ അംഗങ്ങളാണ്.