
കൊച്ചി : നയതന്ത്ര സ്വർണക്കടത്തിലെ ഭീകരബന്ധം അന്വേഷിക്കാൻ മുഖ്യ പ്രതികളായ കെ.ടി. റമീസ്, പി.എസ്. സരിത്ത്, എ.എം. ജലാൽ എന്നിവരെ ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ വാങ്ങി. പ്രതികളുടെ ടാൻസാനിയ യാത്രകളുടെ വിവരങ്ങൾ ശേഖരിക്കാനാണിത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി - കമ്പനി ടാൻസാനിയയിൽ സജീവമാണെന്നും അവിടെ നിന്ന് ആയുധങ്ങൾ കടത്തിയ കേസിൽ റമീസിനു പങ്കുണ്ടെന്നും എൻ. ഐ. എ കണ്ടെത്തിയിരുന്നു.
ഡോളർ കടത്തിന് സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യും
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ പി.എസ്. സരിത്ത്, സ്വപ്ന എന്നിവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതി അനുമതി നൽകി. 1.40 കോടി രൂപയുടെ ഡോളർ യു.എ. ഇ കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദ് ഒമാനിലേക്ക് കടത്തിയ കേസിലാണിത്. സരിത്തിനെ തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സ്വപ്നയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുമെത്തി അറസ്റ്റ് രേഖപ്പെടുത്തും.
ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
സ്വർണക്കടത്തു കേസിൽ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി വെള്ളിയാഴ്ച വിധി പറയാൻ മാറ്റി. കേസിലെ മുഖ്യ കണ്ണിയായ ഹംസദിനെതിരെ കസ്റ്റംസും ഇ.ഡിയും ഹവാല - സ്വർണക്കടത്തു കേസുകൾ എടുത്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് എൻ.ഐ.എ അഭിഭാഷകൻ വിശദീകരിച്ചു.
ഹംസദിന്റെ മകൻ സുഹൈൽ ദുബായിൽ ജുവലറി നടത്തുകയാണ്. സ്വർണക്കടത്തിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിലും സുഹൈലിനു പങ്കുണ്ടോയെന്ന് കണ്ടെത്തണം. ഇവർക്കായി തിരുവനന്തപുരത്ത് സ്വർണം ഏറ്റുവാങ്ങിയിരുന്ന രാജുവിനെ പിടികൂടാതിരിക്കാൻ വിദേശത്തേക്ക് കടത്തി.
സംജുവും വൻതോതിൽ പണം നിക്ഷേപിച്ച് കള്ളക്കടത്തു സ്വർണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ ഭാര്യാപിതാവും പ്രതിയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.