കൊച്ചി: മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വീഴ്ചകൾ വെളിപ്പെടുത്തിയതിന് തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് ഡോ. നജ്മ കളമശേരി പൊലീസിൽ പരാതി നൽകി. ഗവ.നഴ്സസ് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ, സി.ഐ.ടി.യു കളമശേരി, സുധീർ കെ.എസ് എന്നിവർ തെറ്റായ പ്രചരണം നടത്തുകയാണ്.
താൻ കെ.എസ്.യു നേതാവായിരുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സമൂഹമാദ്ധ്യമങ്ങളിലെ വാർത്തകൾ മാനസികമായി തളർത്തുന്നതാണ്. തനിക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
• പ്രതിച്ഛായ തകർക്കരുത്
മെഡിക്കൽ കോളേജിലെ നിർഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി സമഗ്രവും വസ്തുതാപരവുമായ അന്വേഷണം നടത്തണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിന്റെ പ്രതിച്ഛായ തകർക്കുന്ന പ്രതികരണങ്ങൾ ഒഴിവാക്കണം.
ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ പ്രശ്നങ്ങളെ സാമാന്യവത്കരിക്കരുത്. കൊവിഡ് ചികിത്സയിൽ സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്ന മെഡിക്കൽ കോളേജിനെ അവഹേളിക്കരുതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. വിധുകുമാർ കെ., സെക്രട്ടറി ഡോ. ഉന്മേഷ് എ.കെ. എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.