
മരണത്തിന് മുഖമില്ലെന്നതുപോലെ മരണകാരണം തേടുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾക്കും മുഖമില്ലാതെ വന്നാലോ? ഇതൊരു നിയമപ്രശ്നമാണ്. തമിഴ്നാട്ടിലെ മധുരയിലെ രാജാജി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ 174 പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിലേറെയും ഒരേ കഥയാണ് പറയുന്നത്. ഒരേ വിലയിരുത്തലുകൾ. തിരിച്ചറിയൽ അടയാളങ്ങൾക്കു പോലും മാറ്റമില്ല. മരിച്ച വ്യക്തിയുടെ പേരും പൊലീസ് സ്റ്റേഷന്റെ പേരും മാത്രം മാറ്റിയെഴുതിയിട്ടുണ്ടാവും. എന്തുകൊണ്ടാണിതെന്ന് മദ്രാസ് ഹൈക്കോടതി തന്നെ പറയുന്നു. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധൻ പോസ്റ്റ്മോർട്ടം ടേബിളിനടുത്തേക്കു പോലും പോയിട്ടില്ല. മോർച്ചറിയിലെ ജീവനക്കാരെല്ലാം കൂടി മൃതദേഹം കുത്തിപ്പൊളിച്ച് തയാറാക്കുന്ന വിവരങ്ങൾ കടലാസിലെഴുതി ഒപ്പിട്ടു റിപ്പോർട്ടാക്കും. ഒരു ദിവസം പത്തു പോസ്റ്റ്മോർട്ടം വരെ ഇങ്ങനെ ചെയ്തു തൊഴിലിൽ വൈദഗ്ദ്ധ്യം കാട്ടിയവരുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസിലെ നീതി നടത്തിപ്പിനെ അട്ടിമറിക്കാൻ പോരുന്ന ഇൗ ദുഷ് പ്രവണത വച്ചു പൊറുപ്പിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. 2019 ൽ ഹൈക്കോടതിയിലെത്തിയ ഒരു പൊതുതാത്പര്യ ഹർജിയാണ് ഇതിനു വഴിയൊരുക്കിയത്. കാരക്കുടിയിൽ നിന്ന് 60 ശതമാനം പൊള്ളലേറ്റ് മധുരയിലെ രാജാജി മെഡിക്കൽ കോളേജിലെത്തിച്ച വ്യക്തിയുടെ മരണമൊഴി രേഖപ്പെടുത്താനുള്ള നടപടികൾക്കു പോലും ഡോക്ടർ തയ്യാറായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങളോട് ആശുപത്രി അധികൃതർ കാട്ടുന്ന ഗുരുതരമായ അനാസ്ഥ കണ്ടെത്തിയതിനെത്തുടർന്ന് അഭിഭാഷകനായ അരുൺ സ്വാമിനാഥനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ഡിസക്ഷൻ ഉപകരണങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും വലിയ ചുറ്റികയും കൊടുവാളുമൊക്കെയാണ് ആയുധങ്ങളായി ഉപയോഗിക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വെറും ആരോപണങ്ങളല്ല, വസ്തുതകളുടെ പകർപ്പ് ഉൾപ്പെടെയുള്ള കൃത്യമായ ആരോപണങ്ങളാണ് ഹർജിക്കാരൻ ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടർന്ന് ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതിനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്. മെഡിക്കൽ - ലീഗോ കേസുകളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വേദവാക്യമാണ്. മരണത്തിനു കാരണമെന്തെന്ന് കോടതിക്ക് വിശ്വസിക്കാൻ കഴിയുന്നത് ഫോറൻസിക് വിദഗ്ദ്ധന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വെറും പകർത്തിയെഴുത്താക്കി മാറ്റുന്നത് കേസുകളുടെ നടത്തിപ്പിനെ തന്നെ അട്ടിമറിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഒരു മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ മൂന്നു മണിക്കൂർ വരെ വേണ്ടി വരുമെന്നിരിക്കെ ഒരു ഡോക്ടർ ദിവസം പത്തു മൃതദേഹങ്ങൾ എങ്ങനെയാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആന്തരികാവയവങ്ങളിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ അളവുപോലും പല കേസുകളിലും ഒന്നാണെന്ന് കോടതി കണ്ടെത്തി. ഒാരോ റിപ്പോർട്ടിൽ നിന്നും പരിശോധനാ വിവരങ്ങൾ കട്ട് ആൻഡ് പേസ്റ്റ് ചെയ്താണ് റിപ്പോർട്ടുകൾ തയ്യാറാക്കിയതെന്നും ഹൈക്കോടതി വിലയിരുത്തി. തുടർന്ന് ഇൗ വിഷയത്തിൽ അടിയന്തര നടപടിയെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണം, ഒരു ദിവസം ഡ്യൂട്ടിക്കെത്തി പല ദിവസത്തെ ഹാജർ രേഖപ്പെെടുത്തി ശമ്പളവും ആനുകൂല്യവും പറ്റുന്നവരെ വച്ചു പൊറുപ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇൗ നിമിഷം അമൂല്യമോ
മാന്ത്രികമോ ?
ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ജീവിതത്തിൽ പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പേരിന്റെ പകർപ്പവകാശത്തിനു വേണ്ടി കഴിഞ്ഞ ദിവസം റാഡികോ ഖെയ്ത്താൻ എന്ന രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാതാക്കൾ ഡൽഹി ഹൈക്കോടതിയിലെത്തി. നിരവധി ജനപ്രിയ ബ്രാൻഡുകളുടെ നിർമ്മാതാക്കളായ റാഡികോ ഖെയ്ത്താൻ മാജിക് മൊമന്റ്സ് എന്ന പേരിൽ ഒരു വോഡ്ക വിപണിയിലിറക്കുന്നുണ്ട്. ഇതിന്റെ പേരും ചിഹ്നവുമൊക്കെ രജിസ്റ്റർ ചെയ്തതുമാണ്. എന്നാൽ ഡൽഹിയിലെ വിന്റേജ് ഡിസ്റ്റിലറീസ് എന്ന കമ്പനി വിന്റേജ് മൊമന്റ്സ് എന്ന പേരിൽ പുതിയ മദ്യം അടുത്തിടെ വിപണിയിലെത്തിച്ചു.
പേരിലെ സാമ്യം നിമിത്തം തങ്ങളുടെ ബ്രാൻഡിന് വൻ നഷ്ടമുണ്ടാകാനിടയുണ്ടെന്നും അപരിഹാര്യമായ നഷ്ടമുണ്ടാകും മുമ്പ് സമാനമായ പേരിൽ മദ്യം വിപണിയിലെത്തിക്കുന്നത് തടയണമെന്നുമാണ് റാഡികോയുടെ ആവശ്യം. സ്യൂട്ട് തീർപ്പാകും വരെ ഇത്തരമൊരു അപര നാമത്തിൽ മദ്യം വിൽക്കുന്നത് താല്കാലികമായി കോടതി തടഞ്ഞിട്ടുമുണ്ട്. ഇനി ഏതു നിമിഷമാണ് നിലനിൽക്കുക? മാജിക് മൊമന്റ്സോ വിന്റേജ് മൊമെന്റ്സോ?