mubeen-1

കോലഞ്ചേരി: ലോക്ക്ഡൗൺ വിരസകാലത്താണ് വോളിബോൾ താരം മുബീൻ തന്റെ അരുമയായ സീസറെന്ന ലാബ്രഡോറിനെ താരമാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുംമൊപ്പം വോളിബോൾ കളിക്കുന്ന സീസർ സോഷ്യൽ മീഡിയയിൽ വി.ഐ.പിയാണിപ്പോൾ. സീസറോളം വരില്ല മുബീന്റെ പ്രശസ്തി.

പാലക്കാട് മണ്ണാർക്കാട് എടത്താട്ടിക്കര തോരക്കാട്ടിൽ മുബീനെന്ന ഇരുപത്തിമൂന്നുകാരന് ലോക്ക്ഡൗണി​ന് പത്ത് മാസം മുമ്പ് കൈയിൽ കിട്ടിയതാണ് ഒരു മാസം പ്രായമുള്ള സീസറെ.

സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളിലും യൂണിവേഴ്സിറ്റി മത്സരങ്ങളിലും കളി​ക്കുന്നയാളാണ് മുബീൻ.

കൊവിഡ് കാലത്ത് പ്രാക്ടീസ് മുടങ്ങുമെന്നായപ്പോഴാണ് മുബീൻ വീട് കളിക്കളമാക്കിയത്. തെറിച്ചു പോകുന്ന പന്ത് കാലിനു തട്ടി സീസർ മുന്നോട്ടടുപ്പിക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നി​ പരിശീലനം തുടങ്ങി​.

വിവിധ ഘട്ടങ്ങളിലായി മൂന്നു മണിക്കൂർ പ്രാക്ടീസ് നൽകി​. സ്പീക്ക്, സിറ്റ്, ഡൗൺ,സ്റ്റെ, ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ്, ക്യാച്ച് ബോൾ ട്രയിനിംഗുകളായി​രുന്നു ആദ്യം. പെട്ടെന്ന് മനഃപാഠമക്കിയതോടെ ബോൾ ട്രയിനിംഗിൽ ശ്രദ്ധ കൊടുത്തു. എറിഞ്ഞിടുന്ന പന്ത് കണ്ടെത്തലും പിടിച്ചെടുക്കലുമായിരുന്നു പിന്നീട് പഠിപ്പിച്ചത്. പന്തിൽ ഇഷ്ടം കൂടിയതോടെ ചാടി പന്തെടുക്കാൻ പഠിപ്പിച്ചു. തുടന്നാണ് പന്ത് തട്ടാനായി പരിശീലിപ്പിച്ചത്. മൂക്കു വായും കൊണ്ടാണ് മികച്ച ഡിഫന്ററുടെ പെർഫോമൻസോടെ ഒരോ പന്തും തട്ടുന്നത്. പറഞ്ഞതു ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ആഹാരത്തിൽ ഒന്നു കൊടുക്കും. സീസറിനിഷ്ടം ബിസ്ക്കറ്റുകളായിരുന്നു. മൂന്നു മാസം കൊണ്ട് പന്തു കളിയുടെ ബാലപാഠങ്ങൾ പഠിച്ചെടുത്തു. ഇപ്പോൾ അയൽവാസികളോടൊപ്പമാണ് പരിശീലനം. രണ്ടു കോർട്ടിലും നിറഞ്ഞു കളിക്കുന്ന ഒന്നര വയസുള്ള സീസറിന് പന്തു ലഭിച്ചില്ലെങ്കിൽ കുരച്ച് ബഹളമുണ്ടാക്കും. കോയമ്പത്തൂരിൽ ചേരൻ കോളജിൽ ബി.പി.എഡിനാണ് മുബീൻ പഠിക്കുന്നത്. കഴിഞ്ഞ തമിഴ്‌നാട് ഇന്റർ യൂണിവേഴ്‌സി​റ്റി മത്സരത്തിലും പങ്കെടുത്തിരുന്നു

പിതാവ് മുജീബ് റഹ് മാൻ പ്രവാസിയാണ്. ഉമ്മ ബെൻഷീറ, അണ്ടർ 19 കേരള ടീം താരമായ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി മുഫീദ് സഹോദരനാണ്. സഹോദരി ലിയ ആറിൽ പഠിക്കുന്നു.