
ചിതലരിച്ച്, പൊളിഞ്ഞു വീഴാറായി പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊച്ചി: ദേവന് നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിയിൽ വാസം വിഷപ്പാമ്പുകളും മറ്റു ക്ഷുദ്രജീവികളും. ചുറ്റമ്പലത്തിന്റെ മേൽക്കൂരയോ ഓടോ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് ഭക്തരുടെയോ ജീവനക്കാരുടെയോ തലയിൽ വീഴാം. മഴ പെയ്താൽ പിന്നെ പറയാനുമില്ല. ശ്രീകോവിലിന്റെ കാര്യമാണെങ്കിൽ പരമദയനീയം. വിഗ്രഹത്തിൽ അഭിഷേകം നടത്തിയാൽ തീർത്ഥം പാത്രത്തിൽ ശേഖരിച്ച് പുറത്തുകളയണം. ഓവുചാൽ അടഞ്ഞുപോയിട്ട് വർഷങ്ങളായി. വലിയമ്പലം ചിതലരിച്ചു.
തിടപ്പള്ളിയിലും ശ്രീകോവിലിലും എലിയും പാറ്റയും പഴുതാരയും കയറിയിറങ്ങുന്നു. ചുറ്റുമതിൽ പൊളിഞ്ഞു വീണു കിടക്കുന്നു. ആരും പോരും നോക്കാനില്ലാത്ത അവസ്ഥ.
കൊച്ചിൻ ദേവസ്വം ബോർഡ് വക പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ദുരവസ്ഥയാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കുരീക്കാട് സബ് ഗ്രൂപ്പിന് കീഴിലാണ്. വലിയ പുനരുദ്ധാരണം വേണ്ടിവരും. കെട്ടിടവും മേൽക്കൂരയും പലഭാഗത്തും ജീർണിച്ച അവസ്ഥയിലാണ്. പക്ഷേ ദേവസ്വം ബോർഡ് ഒന്നും കാണുന്നില്ല. വേണമെങ്കിൽ ഭക്തർ പുനരുദ്ധാരണം നടത്തിക്കോട്ടെയെന്നാണ് നിലപാട്.
തിടപ്പള്ളിയുടെയും വലിയമ്പലത്തിന്റെയും അത്യാവശ്യം അറ്റകുറ്റപ്പണികൾ ചെയ്യാനായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കിലും കൊവിഡിന്റെ പേരിൽ അതും മുടങ്ങി.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കേ അറ്റത്തുള്ള ക്ഷേത്രമാണിത്. ഇതേ വളപ്പിൽ തന്നെ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മഹാദേവ ക്ഷേത്രവും നിലകൊള്ളുന്നുണ്ട്. ഇവിടെ കൃത്യമായ രീതിയിൽ അറ്റകുറ്റപ്പണികളും മറ്റും നടക്കുമ്പോഴാണ് ശ്രീകൃഷ്ണക്ഷേത്രം അനാഥമായിക്കിടക്കുന്നത്.
• ക്ഷേത്രം ശോചനീയാവസ്ഥയിൽ
2016 മുതൽ പലതവണ ദേവസ്വം ബോർഡിന് ക്ഷേത്രത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് പരാതികൾ നൽകുന്നുണ്ട്. നല്ല രീതിയിൽ പുനരുദ്ധാരണം വേണ്ടിവരും. എന്തെങ്കിലും അത്യാഹിതം ഉണ്ടാകുമോ എന്ന ഭയമുണ്ട്.
വി.സന്തോഷ് കുമാർ,
സെക്രട്ടറി, ക്ഷേത്രം ഉപദേശക സമിതി
അറ്റകുറ്റപ്പണി ഉടനെ
ക്ഷേത്രം തിടപ്പള്ളിയുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ഉടനെ നടത്തും. എസ്റ്റിമേറ്റ് ബോർഡ് പാസാക്കിയതാണ്. ലോക്കൽ കരാറുകാരൻ മാർച്ചിൽ പണി ആരംഭിക്കാനിരിക്കെയാണ് കൊവിഡ് ലോക്ക്‌ഡൗണും മറ്റും ഉണ്ടായത്.
എം.കെ.ദിലീപ്
അസി. എൻജിനിയർ
കൊച്ചിൻ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം