food

കൊച്ചി: മത്സ്യസംസ്കരണ യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. പ്രതിവർഷം 6,000 കോടി രൂപയുടെ കയറ്റുമതി വരുമാനം നേടുന്ന സമുദ്രോത്പന്ന കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.
മത്സ്യക്ഷാമവും ജീവനക്കാരുടെ അഭാവവുമാണ് പ്രധാന വെല്ലുവിളികൾ.

കൊവിഡിനെ തുടർന്നുള്ള നഷ്ടവും കയറ്റുമതിയിടിവും പ്രതിസന്ധി രൂക്ഷമാക്കി.

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രോസസിംഗ് യൂണിറ്റുകൾ ചേക്കേറുകയാണ്.

നിലവിൽ 20 ശതമാനം യൂണിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തിനിടയിലെ വെള്ളപ്പൊക്കം കാരണം കേരളത്തിലെ മത്സ്യബന്ധന വ്യവസായത്തിന് നിരവധി ദിനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ലാൻഡിംഗ് രീതികൾ മാറി, മത്സ്യലഭ്യത അളവ് ഗണ്യമായി കുറഞ്ഞു. കൊവിഡിനാൽ ഹാർബറുകൾ അടച്ചതുമൂലം സമുദ്ര മത്സ്യബന്ധനം നിലച്ചു. ബോട്ടുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. സുപ്രധാന സീസണായ ഏപ്രിലിൽ കയറ്റുമതിയിൽ വൻ ഇടിവാണ് ഉണ്ടായത്.

കെ.എസ്.ഇ.ബി. വില്ലനായി

ലോക്ക് ഡൗൺ കാലത്ത് കുടിശിക അടയ്ക്കാത്തതിനാൽ സംസ്‌കരണ യൂണിറ്റുകൾക്ക് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാർ ഇളവു പ്രഖ്യാപിച്ചിരുന്നെങ്കിലും ഒറ്റത്തവണയായി പണമടയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദേശം. സംസ്‌കരിച്ച സമുദ്ര ഉൽപന്നങ്ങൾ മൈനസ് 18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. അതിനാൽ, പ്രധാന യൂണിറ്റുകൾക്ക് പ്രതിമാസം 18, 20 ലക്ഷം രൂപയാകും വൈദ്യുതി ബിൽ. ചെറുകിട യൂണിറ്റുകൾക്ക് 8, 10 ലക്ഷം രൂപയും.


ബാങ്ക് വായ്പകൾ വെല്ലുവിളി
വൻ തുക വായ്പ എടുത്താണ് പലരും യൂണിറ്റുകൾ നടത്തുന്നത്. ഇളവുകൾ ലഭിക്കാതായതോടെ യൂണിറ്റുകൾ പൂട്ടിയിടുക മാത്രമാണ് പോംവഴി. സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനൊപ്പം ലോക്ക് ഡൗൺ കാലയളവിലെങ്കിലും ബാങ്കുകൾ പലിശനിരക്ക് എഴുതിത്തള്ളണം. സബ്‌സിഡി നിരക്കിൽ താൽക്കാലിക പ്രവർത്തന മൂലധനം നൽകണം.

സർക്കാറിന് കത്തു നൽകി
അതിജീവനത്തിന് അടിയന്തര ആശ്വാസം തേടി സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ വ്യവസായ സമിതി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും കത്തു നൽകിയിട്ടുണ്ട്.

അലക്‌സ് കെ. നൈനാൻ
റീജിയണൽ പ്രസിഡന്റ്
സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ