കൊച്ചി : എറണാകുളം നഗരത്തിലെ റോഡുകൾ തകർന്നതിനുത്തരവാദികളായ എൻജിനിയർമാർക്കും കരാറുകാർക്കുമെതിരെ എന്തു നടപടിയാണെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി കൊച്ചി നഗരസഭയോടു നിർദേശിച്ചു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. നേരത്തെ ഈ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ജനുവരി 31നകം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പത്തുമാസം കഴിഞ്ഞപ്പോഴേക്കും നഗരത്തിലെ മിക്കറോഡുകളും തകർന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകസമിതി റിപ്പോർട്ടുനൽകി. തകർന്ന റോഡുകളുടെ ചിത്രങ്ങളും റിപ്പോർട്ടിനൊപ്പം ഫയൽ ചെയ്തു. തുടർന്നാണ് റോഡുകളുടെ ശോച്യാവസ്ഥക്ക് എൻജിനിയർമാർക്കും കരാറുകാർക്കും ഉത്തരവാദിത്വം ചുമത്താനും ഇവർക്കെതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ നഗരത്തിലെ തകർന്ന റോഡുകൾക്ക് ഉത്തരവാദികളായവരുടെ പേരുവിവരം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നഗരസഭ നൽകിയില്ല. ഇതേത്തുടർന്ന് നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ കൊച്ചി നഗരസഭാ സെക്രട്ടറിയുടെ ചാർജുള്ള ഡെപ്യൂട്ടി സെക്രട്ടറി ചന്ദ്രൻനായർ ഹാജരായി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നു വരികയാണെന്നും മൂന്നാഴ്ച കൊണ്ട് ഇതു പൂർത്തിയാകുമെന്നും നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ മാവേലി റോഡിന്റെ ജോലികൾ പൂർത്തിയാക്കാൻ രണ്ടുമാസം വേണമെന്നും വ്യക്തമാക്കി. തുടർന്നാണ് നഗരത്തിലെ തകർന്ന റോഡുകളുടെ ഉത്തരവാദിത്വം ചുമത്തി എൻജിനിയർമാർക്കും കരാറുകാർക്കുമെതിരെ എന്തു നടപടിയാണ് എടുക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

 കുണ്ടന്നൂർ - പേട്ട റോഡ്

കുണ്ടന്നൂർ - പേട്ട റോഡിന്റെ പണികൾ അന്തിമഘട്ടത്തിലാണെന്നും രണ്ടുദിവസത്തിനകം പൂർത്തിയാക്കുമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. പാർക്ക് അവന്യു റോഡിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്ന് നഗരസഭ അറിയിച്ചതിനെത്തുടർന്ന് ഇക്കാര്യത്തിലും കോടതി സർക്കാരിന്റെ വിശദീകരണംതേടി. എന്നാൽ കൊച്ചി സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡിന്റെ ചുമതലയിലാണ് ഈ റോഡെന്ന് സർക്കാർ വിശദീകരിച്ചു. പാർക്ക് അവന്യുറോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി കൊച്ചി സ്മാർട്ട്സിറ്റി മിഷന്റെ വിശദീകരണം തേടി. ഹർജി 28ന് വീണ്ടും പരിഗണിക്കും.