കൊച്ചി: കൊച്ചി ആസ്ഥാനമായ ടി.സി.എം കൊവിഡ് പരിശോധനയ്ക്കാവശ്യമായ ആർ.ടി.ക്യു.പി.സി.ആർ കിറ്റുകളുടെ ഉത്പ്പാദനം ആരംഭിച്ചു. ഡൽഹി ഐ.ഐ.ടി വികസിപ്പിച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ കിറ്റുകൾ കോവി ഡിറ്റെക്സ് ബ്രാൻഡിൽ വിപണിയിലെത്തി.കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ കൊവിഡ് റിയൽ ടൈം പി.സി.ആർ കിറ്റാണിതെന്ന് ടി.സി.എം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് വർഗീസ് പറഞ്ഞു. കളമശേരി കിൻഫ്ര ബയോടെക്‌നോളജി ആൻഡ് ഇൻഡസ്ട്രിയൽ സോണിലാണ് യൂണിറ്റ്. പ്രതിദിനം 10,000 ടെസ്റ്റ് കിറ്റുകൾ നിർമ്മിച്ചു തുടങ്ങി.

സർക്കാരിന് ഉത്പ്പാദനച്ചെലവിനോടടുത്ത വിലയിൽ കിറ്റ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ഐ.ടി ഡൽഹി വികസിപ്പിച്ച കിറ്റ് ഏറ്റവും കൃത്യതയുള്ളതാണെന്ന് പറയാവുന്നതാണെന്ന് ടി.സി.എം ഹെൽത്ത്‌കെയർ ചീഫ് സയന്റിഫിക് ഓഫീസർ മഞ്ജു ഏബ്രഹാം പറഞ്ഞു. കിറ്റിന് ഉത്പ്പാദനച്ചെലവ് കുറവാണെന്ന് അവർ പറഞ്ഞു.