കൊച്ചി : കൊവിഡിനെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ കലാ -സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് ഉടൻ പ്രവർത്തനാനുമതി നൽകണമെന്ന് കേരള കലാകാര സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റു തൊഴിലുകളൊന്നും ചെയ്യാൻ നൈപുണ്യമില്ലാത്ത ആയിരക്കണക്കായ നിസഹായരായ കലാപ്രവർത്തകരുടെ ജീവിതം ദുരിതത്തിലാണ്. മൊറൊട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്ക് വായ്പകൾ അടക്കുന്നതിനും വാടക ഉൾപ്പെടെയുള്ള മറ്റു ചിലവുകൾ കണ്ടെത്താനാവാതെ കഷ്ടപ്പെടുകയാണ്. കേന്ദ്ര സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് കലാ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി സർക്കാർ അടിയന്തരമായി പ്രഖ്യാപിക്കണമെന്നും നിവൃത്തിയില്ലാതെ വന്നാൽ സമര പരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു . വാർത്താസമ്മേളനത്തിൽ അനിൽ നിള , ബിനു ലോറൻസ് ചലനം, ഇസ്മായിൽ കലാക്ഷേത്ര എന്നിവർ പങ്കെടുത്തു.