കോലഞ്ചേരി: വഴിയില്ലാതെ കുഴി മാത്രമായ ചൂണ്ടി രാമമംഗലം റോഡിനെ റോഡെന്ന് വിളിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ തുടങ്ങി ചൂണ്ടി ജംഗ്ഷൻ വരെയുള്ള റോഡാണ് തകർന്ന് തരിപ്പണമായ നിലയിലുള്ളത്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ദേശീയ പാതയിലേക്ക് എത്തുന്ന സ്ഥലമായതിനാൽ ഇവിടെ തിരക്കുള്ള മേഖലയാണ്. പാമ്പാക്കുട പിറവം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ നിർത്തുന്നത് ദേശീയ പാതയിൽ നിന്നു രാമമംഗലം റോഡിലേക്ക് തിരിഞ്ഞാണ്. ഇതോടെ കുഴികൾ താണ്ടി വരുന്ന വാഹനങ്ങൾ ദേശീയ പാതയോടടുക്കുമ്പോഴേക്കും ഗതാഗതക്കുരുക്കും പതിവാണ്.
മഴപെയ്താൽ റോഡിൽ ചെളി നിറയുന്നതിനാൽ റോഡു തന്നെ കാണാനില്ലാതാകും. ഇതുവഴി നടക്കുവാൻ തന്നെ ജനങ്ങൾക്ക് ഭയമാണ്. കുഴിയടക്കുവാൻ ഇട്ടിരിക്കുന്ന കരിങ്കല്ല് വാഹനങ്ങളുടെ ടയറിനടിയിൽ നിന്നും ശക്തിയോടെ തെറിച്ച് ദേഹത്ത് വീഴുന്നതും മറ്റു വാഹനങ്ങളുടെ ചില്ലുകൾ തകർക്കുന്നുമുണ്ട്. നിലവിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്.
റോഡ് കുഴിച്ചത് പൈപ്പിടാൻ
കുടിവെള്ള പദ്ധതിയുടെ ഭാഗമായി മൂന്നടിയോളം വ്യാസമുള്ള പൈപ്പിടാനാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കുഴിച്ചത്. അന്നു തുടങ്ങിയ കഷ്ടകാലമാണിത്. എട്ടുമാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മൂന്നു വർഷം മുമ്പ് തുടങ്ങിയതെങ്കിലും ഇനിയും റോഡ് റെഡിയായിട്ടില്ല.
റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ സമരം
കുഴികളിൽ മെറ്റൽ നിരത്തിയും റോഡരുകിലെ ചെളി നീക്കിയും പുല്ലു പറിച്ചും നീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഓട്ടയടക്കലാണെന്ന ആരോപണവുമുണ്ട്. എത്രയും വേഗം ടാറിംഗ് പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു വരുവാനാണ് വ്യാപാരികളുടെ തീരുമാനം.
പരാതി പറഞ്ഞിട്ടും നിർമ്മാണം ഇഴയുന്നു
വാട്ടർ അതോരിറ്റി ഓഫീസിന്റെ മൂക്കിനു താഴെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവർ കണ്ടില്ലെന്ന് നടിക്കുകയാണ്. വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി പറഞ്ഞിട്ടും റോഡ് നിർമ്മാണം ഇഴയുകയാണ്.
ബാബു കുരുത്തോല,വ്യാപാരി വ്യവസായി ഏകോപന
സമിതി ചൂണ്ടി യൂണിറ്റ് പ്രസിഡന്റ്