27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കളമശേരി: കളമശേരി കിൻഫ്രയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് (സി.എസ്.പി )27ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, കളമശേരി മുനിസിപ്പൽ അധികൃതർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. തത്സമയ സംപ്രേഷണം സി.എസ്.പി കളമശേരിയുടെ ഫേസ്ബുക്ക് പേജിൽ കാണാം.
സർക്കാരിന്റെ നൈപുണ്യ പരിശീലനം പദ്ധതിയായ അസാപ്പിന്റെ കീഴിലാണ് സ്കിൽ പാർക്ക്. ജില്ലയിലെ വ്യവസായ മേഖലയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നൈപുണ്യ പരിശീലനത്തെയും കോർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് സ്കിൽപാർക്ക് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഐടി സംരംഭങ്ങളിൽ ഒന്നായ ഐ.ബി.എമ്മും അസാപ്പുമായി കൈകോർക്കുന്ന സ്ഥാപനമാണ് സി.എസ്.പി കളമശേരി.
# ആറ് അഡ്വാൻസ് കോഴ്സുകൾ
ഐ.ടി രംഗത്തെ ഏറ്റവും സാദ്ധ്യതയുള്ള ആറ് അഡ്വാൻസ് കോഴ്സുകളാണ് സി.എസ്.പിയിൽ ആരംഭിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിംഗ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ മാനേജ്മെന്റ്, ഇൻ്റർനെറ്റ് ഒഫ് തിംഗ്സ് എന്നിവയാണ് കോഴ്സുകൾ. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, മാനേജ്മെന്റ് സ്ഥാപനങ്ങൾ, എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നിലവിൽ പരിശീലനം നൽകിവരുന്നത് . പ്രായഭേദമെന്യേ അടിസ്ഥാന വിദ്യാഭ്യാസയോഗ്യത അനുസരിച്ച് സി.എസ്.പിയുടെ സേവനങ്ങൾ ലഭിക്കും. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നൈപുണ്യ പരിശീലനങ്ങൾക്ക് അനുസരിച്ചുള്ള എൻ.എസ്.ക്യു.എഫ് ആൻഡ് ഇൻഡസ്ട്രി സർട്ടിഫൈഡ് കോഴ്സുകളാണ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നൽകുന്നത്.