ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് നിവാസികളായിട്ടും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ സംസ്കരിക്കാത്ത നടപടിക്കെതിരെ ബി.ജെ.പി പരാതി നൽകി. കഴിഞ്ഞ ദിവസം മരിച്ച എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പുഷ്പയുടെ മൃതദേഹം കീഴ്മാട് ഗ്രാമപഞ്ചായത്ത് അനുമതി നൽകാത്തതിനെ തുടർന്ന് കളമശേരി പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങ് നടത്തിയത്. കീഴ്മാട്ടിലും കളമശേരിയിലും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശ്മാനങ്ങളാണ്. എന്നിട്ടും സ്വന്തം പഞ്ചായത്തിൽ താമസിക്കുന്നവരെ പോലും ഇവിടെ സംസ്കാര ചടങ്ങ് അനുവദിക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് പറഞ്ഞുവിടുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി ആരോപിച്ചു. കളമശേരിയിൽ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ച നൂറോളം ആളുകളുടെ സംസ്കാരം നടത്തിയിട്ടുണ്ട്. പൊതുശ്മശാനത്തിൽ സംസ്കരിക്കുമ്പോൾ രോഗവ്യാപന സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചിട്ടും പഞ്ചായത്ത് നിഷേധാത്മക നിലപാട് തുടരുന്നത് ഇത് ശരിയല്ല. നേരത്തെ ഇതര പഞ്ചായത്തുകളിലെ മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിക്കാൻ സൗകര്യം നൽകിയ പഞ്ചായത്താണ് ഇപ്പോൾ മരണ സംഖ്യ ഉയർന്നപ്പോൾ മുഖം തിരിഞ്ഞ് നിൽക്കുന്നത്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരുടെ മരണാനന്തര ചടങ്ങുകൾ പൊതുശ്മശാനത്തിൽ നടത്താൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ആവശ്യപ്പെട്ടു.