road
കീഴ്മാട് സർക്കുലർ റോഡിൽ കുന്നുംപുറം ഭാഗത്ത് റോഡ് തകർന്ന് തരിപ്പണമായ നിലയിൽ

ആലുവ: അത്യാധുനിക രീതിയിൽ ടാറിംഗിന് അനുമിതി കിട്ടി. എന്നിട്ടും കീഴ്മാട് റോഡിനെ മൈൻഡ് ചെയ്യാതെ പൊതുമാരമത്ത് വകുപ്പ്. രണ്ട് വർഷം മുമ്പാണ് പാതയിൽ റബറൈസിഡ് ടാറിംഗിന് അനുമതി ലഭിച്ചത്. പാതി ടാറിംഗും നടന്നു. പിന്നീട് റോഡിലെ കുഴിയടക്കാൽ പോലും നടന്നില്ല. നിരവധി ആളുകൾ ആശ്രയിക്കുന്ന പാത തരിപ്പണമായതോടെ ഇതുവഴിയുള്ള യാത്ര ആളുകൾക്ക് ദുരിതമായി.

തോട്ടുമുഖം - വാഴക്കുളം റോഡും ജി.ടി.എൻ - കുട്ടമശേരി റോഡും ടാറിംഗിനാണ് പൊതുമരാമത്ത് വകുപ്പ് രണ്ട് വർഷം മുമ്പ് ഫണ്ട് അനുവദിച്ചത്.തോട്ടുമുഖത്ത് നിന്നാരംഭിക്കുന്ന റോഡിൽ ശ്രീനാരായണ ഗിരിക്ക് സമീപം നെല്ലിപ്പറമ്പ് കവലയിൽ വരെ മാത്രമാണ് ടാറിംഗ് പൂർത്തിയാക്കിയത്. ജി.ടി.എൻ - കുട്ടമശേരി റോഡിലാകട്ടെ ജി.ടി.എൻ മുതൽ റേഷൻ കട കവല വരെയും. ഐ.എസ്.ആർ.ഒയിൽ നിന്നുള്ള രാസപദാർത്ഥം ഭൂഗർമാലിന്യം സൃഷ്ടിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് എല്ലാ ഭാഗത്തേക്കും വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം എത്തിക്കുന്നതിന് പുതിയ പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. റോഡ് ടാറിംഗിന് പൊതുമരാമത്ത് വകുപ്പും പൈപ്പ് സ്ഥാപിക്കുന്നതിന് ഐ.എസ്.ആർ.ഒയും ഫണ്ട് അനുവദിച്ചത് ഒരേ സമയമാണ്.

എങ്ങുമെത്താതെ ടാറിംഗ്

പൈപ്പ് സ്ഥാപിക്കുന്നതിനായി കുറെക്കാലം ടാറിംഗ് വൈകിപ്പിച്ചു. പൈപ്പിടൽ പൂർത്തിയായപ്പോഴേക്കും മറ്റൊരു പൈപ്പിടൽ കൂടി വന്നത് ടാറിംഗ് പിന്നെയും വൈകിപ്പിച്ചു. അയ്യംകുഴി ക്ഷേത്രത്തിന് സമീപത്ത് നിന്നും എം.ആർ.എസ് വരെ പൈപ്പിടുന്ന പദ്ധതി വന്നതാണ് വീണ്ടും ടാറിംഗിന് തടസമായത്. എന്നാൽ വാട്ടർ അതോറിട്ടിയുടെ ഭാഗത്ത് നിന്നും പൈപ്പിടുന്നതിന് അന്തിമ നടപടി ഇതുവരെ ആയിട്ടില്ല. ഇതോടെയാണ് കീഴ്മാട് റോഡ് പാതാളക്കുഴിയുടെ അവസ്ഥയായത്.

സമരമാരംഭിക്കുമെന്ന് ബി.എം.എസ്

കീഴ്മാട് സർക്കുലർ റോഡിലെ ടാറിംഗ് പൂർത്തിയാക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രത്യക്ഷ സമരമാരംഭിക്കുമെന്ന് ബി.എം.എസ് മോട്ടോർ തൊഴിലാളി സംഘം അറിയിച്ചു. മേഖല സെക്രട്ടറി സന്തോഷ് പൈ ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി സംഘം കൺവീനർ രാജീവ് മുതിരക്കാട് അദ്ധ്യക്ഷത വഹിച്ചു. മേഖല ഉപാദ്ധ്യക്ഷൻ പി.ആർ. രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി സി.കെ. സുബ്രഹ്മണ്യൻ, കെ.കെ. ശശി, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.