കോലഞ്ചേരി: പൂർവ വിദ്യാർത്ഥികളൊത്തു ചേർന്ന് ബെന്നിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടു നിർമ്മിച്ചു നൽകി. പൂതൃക്ക പഞ്ചായത്തിലെ പരിയാരം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ബെന്നിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥയറിഞ്ഞ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ 1993 മാത്തമാറ്റിക്ക്സ് ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് കുടുംബത്തിന് തണൽ നൽകിയത്. നാട്ടിലും വിദേശത്തുമുള്ള സുമനസുകളെ ഏകോപിപ്പിച്ചാണ് എല്ലാ സൗകര്യങ്ങളോടു കൂടിയ ഒരു വീട് നിർമ്മിച്ചത്. അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം അനുഭവിച്ചു വന്ന ദുരിതങ്ങളുടെ കണ്ണീരൊപ്പാൻ അയൽക്കാരും സർക്കാർ ഉദ്യോഗസ്ഥരും സഹകരിച്ചു. പാതിപൂർത്തിയായ വീടിന്റെ മേൽഭാഗത്ത് ഷീറ്റ് വിരിച്ചാണ് ഈ കുടുംബം കഴിഞ്ഞ ഇരുപത് കൊല്ലമായി താമസിച്ചിരുന്നത്. ജൂലായ് മാസത്തിൽ ആരംഭിച്ച പണി മൂന്ന് മാസം കൊണ്ട് പൂർത്തീകരിച്ച് താക്കോൽ കൈമാറി. സിജിമോൻ എബ്രാഹാം, ജയ്‌മോൻ മാത്യു, ബിജു.ഇ ജോസഫ് എന്നിവർ ചേർന്നാണ് കോളേജിലെ പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് താക്കോൽ കൈമാറിയത്. ഇരുപത് വർഷത്തോളമായി താമസം തുടങ്ങിയ ഇവരുടെ പഴയവീട് പൂർണ്ണമായും പൊളിച്ചുനീക്കി നാലര ലക്ഷത്തോളം രൂപ ചിലവിട്ടാണ് പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന് ആവശ്യമായ രേഖകൾ ഇല്ലെന്ന കാരണത്താൽ നിരവധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടെങ്കിലും പിന്നീട് ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞതോടെ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും ലഭിച്ചു.