nefertiti

കൊച്ചി: കൊവിഡിന്റെ കാറ്റിലും കോളിലുംപെട്ട് തീരത്തണഞ്ഞ കൊച്ചിയിലെ നെഫർറ്റിറ്റി കപ്പൽ ഉല്ലാസയാത്ര പുനരാരംഭിക്കുന്നു. കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൽ.സി) കപ്പൽ നാളെ വൈകിട്ട് (ശനിയാഴ്ച) 4.30നുള്ള സൂര്യാസ്തമനയാത്രയോടെയാണ് ആറ് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വിരിമാറിലെത്തുന്നത്.

ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, റെസ്റ്റോറന്റ്, കുട്ടികളുടെ കളിസ്ഥലം, സൺഡെക്ക്, ലോഞ്ച് ബാർ, 3ഡി തീയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള യാത്രാകപ്പലാണ് നെഫർറ്റിറ്റി. വിവാഹചടങ്ങുകൾ, ബിസിനസ് മീറ്റിംഗ് എന്നിവയ്ക്കും സൗകര്യമുണ്ട്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ അറബിക്കടലിന്റെ വശ്യമനോഹാരിതയിലേക്ക് ആനയിച്ചിട്ടുള്ള നെഫർറ്റിറ്റിയുടെ രണ്ടാം വരവിന് കാതോർത്തിരുന്നവർ ഏറെയാണ്. ഒരു ട്രിപ്പിൽ 200 പേർക്ക് യാത്രചെയ്യാനാകുമെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 പേരെ മാത്രമേ ഇപ്പോൾ അനുവദിക്കൂ.

മുൻകൂട്ടി ബുക്കുചെയ്യണം. മുതിർന്നവർക്ക് 1999 രൂപയും കുട്ടികൾക്ക് 499 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക് www.nefertiticruise.com, ഫോൺ​: 9744601234/ 9846211144.