പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവ് അങ്കണവാടി സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ പഴയ പ്ലാസ്റ്റിക് ശേഖരണ ബോക്‌സ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നടപടി എതിർത്ത പ്രദേശവാസിയുടെ കൃഷി നശിപ്പിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷനു പരാതി. വേങ്ങൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ താമസിക്കുന്ന നടുക്കുടി കനകന്റെ ഭാര്യ രത്‌നമ്മയാണ് പരാതി നൽകിയിരിക്കുന്നത്. നാലു സെന്റിലെ വീട്ടിൽ താമസിക്കുന്ന കുടുംബം സമീപത്തെ കാടുപിടിച്ചു കിടന്ന സ്ഥലം ശുചിയാക്കി കപ്പയും, കൂർക്കയുമടക്കം കൃഷി ചെയ്തിരുന്നു. എന്നാൽപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ജെ.സി.ബി. ഉപയോഗിച്ച് ഇവ പിഴുതുമാറ്റിയതായി പരാതിയിൽ പറയുന്നു. കനൻ മത്സ്യത്തൊഴിലാളിയാണ്. അടുത്തിടെ വഞ്ചി തകർന്നതോടെ കുടുംബം പട്ടിണിയിലായി. തുടർന്നാണ് കപ്പയും, കൂർക്കയും കൃഷിയിറക്കിയത്. കൃഷി നശിപ്പിച്ചതിൽ വെൽഫെയർ പാർട്ടി വേങ്ങൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.