കൊച്ചി: സുപ്രീംകോടതി ഉത്തരവ് വരുന്നതുവരെ സംസ്ഥാനത്ത് മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് മോസ്റ്റ് ബാക്കുവേഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ൽ പരം സമുദായസംഘടനകളെ പങ്കെടുപ്പിച്ച് കളക്ടറേറ്റിനുമുമ്പിൽ നിൽപ്പുസമരം നടത്തി. സംവരണതത്വങ്ങളെ അട്ടിമറിക്കുന്ന സർക്കാർ നയത്തെ സംഘടനകൾ അപലപിച്ചു. മോസ്റ്റ് ബാക്കുവേഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ആർ.രമേശൻ സമരം ഉദ്ഘാടനം ചെയ്തു. മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ ഹിന്ദുമതത്തിലെയും മറ്റ് സംവരണവിഭാഗങ്ങളിലേയും പിന്നാക്കക്കാർക്ക് അർഹമായ സീറ്റുകളും നിയമനങ്ങളും നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിവിധ സമുദായസംഘടനകളുടെ പ്രതിനിധികൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. സംഘടനാനേതാക്കളായ വേണു, മുരുകേശ്, ശശിധരൻ ആമ്പല്ലൂർ, രേണുക മണി, സത്യനാരായണൻ, വിനോദ്, സന്തോഷ് ഭാഗ്യലക്ഷ്മി, പ്രഭാകരൻ എന്നിവർ സംസാരിച്ചു.