shiv

എൻ.ഐ.എ കേസിൽ തൽക്കാലം ആശ്വാസം

 ശിവശങ്കറിനെ ഇപ്പോൾ പ്രതിയാക്കുന്നില്ലെന്ന് എൻ. ഐ. എ

 കസ്റ്റംസ്,​ ഇ.ഡി കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : സ്വർണക്കടത്തിലെ എൻ.ഐ.എ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇപ്പോൾ പ്രതിചേർക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടിലും ഇന്നു തന്നെ വിധിയുണ്ടാകുമെന്നാണ് സൂചന. ഇരു കേസുകളിലും ഇന്നുവരെയാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിട്ടുള്ളത്.

ഇന്നലെ രാവിലെ എറണാകുളത്തെ എൻ.ഐ.എ കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ,​ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നും സ്വർണക്കടത്തിലോ അനുബന്ധ കേസുകളിലോ തനിക്കു ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. നിലവിൽ ശിവശങ്കറിനെ പ്രതി ചേർക്കാൻ ഉദ്ദേശ്യമില്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മാറാമെന്നും ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ അപക്വമാണെന്നും എൻ.ഐ.എ പ്രോസിക്യൂട്ടർ അറിയിച്ചു.. ഇതു രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കി​യത്.

ഇന്ന് രണ്ടു ഹർജികളും ഒരു ബെഞ്ചിൽ

കസ്റ്റംസും ഇ.ഡി കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ സിംഗിൾബെഞ്ച് ഇന്നു രാവി​ലെ വാദം കേൾക്കും. മുഖ്യ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ യു.എ.ഇ. കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദ് ഒമാനിലേക്ക് 1.90ലക്ഷം ഡോളർ ( 1.40 കോടി രൂപ )​ കടത്തിയത് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെയുള്ള കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലായത്.

രോഗം നാടകമാണെന്നും ചോദ്യം ചെയ്യലിൽ നിന്നുൾപ്പെടെ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വിശദമായ വാദത്തിന് ഇന്നത്തേക്ക് സിംഗിൾബെഞ്ച് മാറ്റിയത്.

അതേസമയം,​ ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സ്വപ്നയുമായി അങ്ങേയറ്റം അടുപ്പമുള്ള ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് വിശ്വസനീയമല്ലെന്നും ഇ.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.