കൊച്ചി: ജില്ലയിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 35 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ ഒന്നോടെ വിപണനശാലകൾ തുറക്കും പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണിത്. പ്രത്യേക തിരിച്ചറിയൽ ബോർഡുകളായിരിക്കും കടകളിൽ ഉപയോഗിക്കുക. ഏകീകൃത കളർകോഡ്, ബ്രാൻഡ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിൽ ആയിരിക്കും ബോർഡുകൾ സ്ഥാപിക്കുന്നത്. വില്പന ശാലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് അതത് പഞ്ചായത്തിലെ കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സഹകരണസംഘം സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന കോ - ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും.
വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴിയാണ് പച്ചക്കറികൾ കർഷകരിൽനിന്നും സംഭരിക്കുന്നത്. രജിസ്റ്റർചെയ്ത കർഷകർക്ക് ഉത്പന്നങ്ങളുടെ വിപണിവില അടിസ്ഥാന വിലയിലും താഴെപ്പോകുമ്പോൾ സർക്കാർ പ്രഖ്യാപിച്ച തറവില നൽകിയായിരിക്കും ഉത്പന്നങ്ങൾ ശേഖരിക്കുക. ഇതിന്റെ മേൽനോട്ടം കമ്മിറ്റി നിർവഹിക്കും. കൂടാതെ സംഘങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ജൈവ പച്ചക്കറി കൃഷി സജീവമാണ്. ഇവരുടെ ഉത്പന്നങ്ങളും വിപണനശാലകളിലൂടെ വിറ്റഴിക്കും.