post
കുഴുപ്പിള്ളി ചാത്തങ്ങാട് ബാങ്കിന് മുൻവശം അപകടപരമായ നിലയിലുള്ള ഇലക്ട്രിക് പോസ്റ്റ്‌

വൈപ്പിൻ: കുഴുപ്പിള്ളി സ്റ്റോപ്പിൽ താണിയത്ത് ലൈൻ റോഡിൽ സഹകരണ ബാങ്ക് ചാത്തങ്ങാട് ബ്രാഞ്ചിന് മുൻവശത്തുള്ള വൈദ്യുതി പോസ്റ്റ് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് നാളെറെയായി. വിവിധ ഫീഡറുകളിൽ നിന്ന് വരുന്ന ഹൈ വോൾട്ടേജ് ലൈനുകൾ യാതൊരു സുരക്ഷയും ഇല്ലാതെ സാധാരണ ലോ വോൾട്ടേജ് ലൈനുകൾക്കൊപ്പമാണ് വലിച്ചിരിക്കുന്നത്. ഇടുങ്ങിയ റോഡിൽ യാത്ര തടസം ഉണ്ടാകും വിധമാണ് പോസ്റ്റ് റോഡിൽ നില കൊള്ളുന്നത്. സമീപത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് വരുന്നവരുടെ കൈയെത്തും ദൂരത്താണ് ഇലക്ട്രിക് ലൈനുകൾ. ദിനം പ്രതി സ്‌കൂൾ ബസുകൾ അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. റോഡിന്റെ തുടക്കത്തിൽ ഇരുവശവും കടകൾ ഉള്ളതിനാൽ ഇരുചക്രവാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. റോഡിന്റെ പല സ്ഥലങ്ങളിലും മതിയായ വീതി ഇല്ലാത്തതിനാൽ സ്ഥിരമായി ഗതാഗത തടസം ഉണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കാൻ റോഡരികിലുള്ള സ്ഥലമുടമകൾ സ്ഥലം വിട്ടു കൊടുത്തതിനെ തുടർന്ന് റോഡ് വീതി കൂട്ടി പുനർനിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വൈദ്യുതി പോസ്റ്റ് വിലങ്ങുതടിയായി നിൽക്കുന്നത്. പല തവണ വാഹനം ഇടിച്ചു പോസ്റ്റ് ഒടിഞ്ഞിട്ടും അപകടഭീഷണി നിലനിൽക്കുന്ന സ്ഥലത്തു നിന്നും പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. റോഡ് വീതി കൂട്ടുന്നതിന് മുൻപ് പോസ്റ്റ് സുരക്ഷിതമായിടത്തെക്ക് മാറ്റണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.