മൂവാറ്റുപുഴ: ഏഴര ലക്ഷം രൂപ മുടക്കി സ്ഥാപിച്ച രണ്ട് വിളക്കുമരങ്ങൾ ഒരു വർഷം തെളിയാതെ നോക്കി അവർ. ആ 'കെടുകാര്യക്ഷമത'യ്ക്ക് മാർക്ക് നൂറിൽ നൂറാണ്. ഒടുവിൽ നാട്ടുകാരുടെ ഭാഗ്യത്തിന് അതിൽ വൈദ്യുതി കണക്ഷൻ നൽകാൻ മൂവാറ്റുപുഴ നഗരസഭ തീരുമാനിച്ചു.
മൂവാറ്റുപുഴ നഗരസഭയുടെയും കെ.എസ്.ആർ.ടി.സിയുടെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ നല്ല മനസിന് നമോവാകം. ഒരു വർഷം മുമ്പാണ് എൽദോ എബ്രഹാം എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി കെ.എസ്.ആർ.ടി.സ്റ്റാൻഡിലും രണ്ടര ലക്ഷം മുടക്കി മിനി സിവിൽ സ്റ്റേഷനിലും ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്.
പക്ഷേ കറണ്ടുകാശ് ആര് അടയ്ക്കണമെന്നതായി ഉദ്യോഗസ്ഥർക്കും നഗരസഭയ്ക്കും സംശയം. സാധാരണ നഗരസഭ അടയ്ക്കുന്നതാണ് പതിവ്. പക്ഷേ സംശയം മൂത്തപ്പോൾ തീരുമാനം നീണ്ടു.
സാമാന്യ ബോധമുള്ള ഏതോ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ അവരുടെ പേരിൽ തന്നെ കണക്ഷൻ എടുക്കാനായി നടപടികളും തുടങ്ങി. പക്ഷേ മിനി സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചെറുവിരലനക്കിയില്ല. ഒരു വർഷം തികച്ചും വിളക്കുകൾ കണ്ണടച്ചുതന്നെ നിന്നു.
എം.എൽ.എയുടെയും ചില നാട്ടുകാരുടെയും ഇടപെടലുകളെ തുടർന്ന് ചേർന്ന നഗരസഭാ യോഗം രണ്ടു വിളക്കുകൾക്കും വൈദ്യുതി കണക്ഷൻ എടുക്കാനും ബില്ലടയ്ക്കാനും തീരുമാനിച്ചു. ഇനി ബാക്കിയുള്ള കാര്യങ്ങൾ എന്നു നടക്കുമെന്ന് കണ്ടറിയണം.