മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഓങ്കോളജി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു.
നിലവിൽ കാൻസർ പരിശോധനക്കും ചികിത്സസക്കും എറണാകുളം, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. പുതിയ ബ്ലോക്ക് ജില്ലയുടെ കിഴക്കൻ മേഖലയിലെ ആരോഗ്യമേഖലയക്ക് കരുത്തുപകരും
പഴയ ഒ.പി. മന്ദിരം പൊളിച്ച് മാറ്റി ഇവിടെ ബ്ലോക്ക് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രി വികസന സമിതി ഇക്കാര്യം ചർച്ച ചെയ്തു. കാലപ്പഴക്കം വന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി നഗരസഭ കൗൺസിലിന്റെ അനുമതിയായാൽ ഡിസംബറോടെ നിർമ്മാണം തുടങ്ങും.അഞ്ച് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ടത്തിനാണ് 5 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. താഴത്തെ നിലയിൽ രജിസ്ട്രേഷൻ കൗണ്ടർ, ആരോഗ്യ ഇൻഷുറൻസ് സൗകര്യം, ഓപ്പറേഷൻ തീയറ്റർ, ഡോക്ടർമാർക്കുള്ള മുറികൾ,നേഴ്സിംഗ് സ്റ്റേഷൻ, രോഗികൾക്ക് വിശ്രമ ഹാൾ, റേഡിയേഷൻ സൗകര്യം എന്നിവ ക്രമീകരിക്കും. ഒന്നാം നിലയിൽ ഒ.പി. മുറികൾ, ഐസോലേഷൻ വാർഡുകൾ,നഴ്സിംഗ് സ്റ്റേഷൻ, കീമോ തെറാപ്പി വാർഡ്, പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ഓങ്കോളജി വാർഡുകളും
രണ്ടാം നിലയിൽ രോഗികൾക്ക് പ്രത്യേകം മുറികളും, മൂന്നാം നിലയിൽ ഓപ്പറേഷന് മുമ്പും ശേഷവും രോഗികൾക്കായുള്ള ഓങ്കോളജി സർജിക്കൽ വാർഡുകൾ,നേഴ്സിംഗ്സ്റ്റേഷൻ എന്ന നിലയിലാണ് സൗകര്യം ഉണ്ടാവുക.നാലാം നിലയിൽ ഓപ്പറേഷൻ തീയറ്ററും, ഡോക്ടർമാർക്കുള്ള മുറികളും, പോസ്റ്റ് ഒ.പി.ഐ-സി.യു, അനസ്തേഷ്യക്കുള്ള സൗകര്യങ്ങളും ക്രമീകരിക്കും..
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തിനും, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കായ രോഗികൾക്ക് ഓങ്കോളജി വിഭാഗത്തിന്റെ പ്രയോജനം ലഭ്യമാകുമെന്നും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ വികസനത്തിൽ ചരിത്ര മുന്നേറ്റമാണ് നടക്കുന്നതെന്നും നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനും വൈസ് ചെയർമാൻ പി.കെ.ബാബുരാജും പറഞ്ഞു..