കോലഞ്ചേരി: റബ്ബർ വില കുതിക്കുന്നത് ഗ്രാമീണ മേഖലയിൽ ആശ്വാസമാകുന്നു.നീണ്ട ഇടവേളയ്ക്കുശേഷം റബ്ബർ വില കിലോഗ്രാമിന് 150 രൂപയിലെത്തി. വിലയിടിവുമൂലം നടുവൊടിഞ്ഞ റബ്ബർ കർഷകർക്ക് പ്രതീക്ഷയേകിയാണ് ഇപ്പോൾ വിലയിൽ കുതിപ്പുണ്ടാകുന്നത്.

റബ്ബർ വില ഉയർന്നുതുടങ്ങിയതോടെ ജില്ലയുടെ മലയോരമേഖലയിൽ ഉൾപ്പെടെ മഴക്കാല ടാപ്പിംഗ് ഊർജിതമായിട്ടുണ്ട്. മഴ മറ ഉൾപ്പടെ സ്ഥാപിച്ച് കർഷകർ കാത്തിരുന്നെങ്കിലും വിലയിടിവ് മൂലം വൻ സാമ്പത്തിക ബാദ്ധ്യതയായിരുന്നു ഫലം. ടാപ്പിംഗിനു നല്കുന്ന കൂലി പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഉടമയ്ക്കും, വെട്ടുകാരനും പകുതി വീതം ലഭിക്കുന്ന തരത്തിലേയ്ക്ക് ടാപ്പിംഗ് കൂലി വെട്ടിക്കുറച്ചിരുന്നു. വിലത്തകർച്ചയിൽ ഒരു പാട് പേർ കൃഷി ഉപേക്ഷിച്ച് തോട്ടങ്ങളിൽ മറ്റു വിളകളും കൃഷി ചെയ്തു തുടങ്ങി.

പ്രധാന ഉത്പാദന രാജ്യങ്ങളായ മലേഷ്യ, ഇൻഡൊനീഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ മഴയും വെള്ളപ്പൊക്കവും കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞതും റബ്ബർ വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. റബ്ബർ വില ഉയരുമ്പോഴും ടയർ കമ്പനികൾ റബ്ബർ വാങ്ങിക്കൂട്ടാൻ കാണിക്കുന്ന ഉത്സാഹം കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷയേകുന്നു.വർഷങ്ങൾക്കു മുമ്പ് നാലാംതരം റബ്ബറിന് ഒരുകിലോയ്ക്ക് 242 രൂപവരെയായി ഉയർന്നിരുന്നു.

വരും നാളുകളിൽ വലിയ ഒരു വിലവർദ്ധനവിന് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

118 രൂപയിൽ നിന്ന് 150 ലേക്ക്

കൊവിഡ് നാളുകളിൽ നാലാംതരം റബ്ബറിന് കിലോയ്ക്ക് 118 രൂപ വരെയായി വില താഴ്ന്നിരുന്നു. ഇതാണ് 150 ആയി ഉയർന്നത്. നിലവിലെ അന്താരാഷ്ട്രവില 158 രൂപയാണ്. ഈയാഴ്ച ഈ വിലയിലേക്ക് അടുക്കും. ഉത്പാദനം കുറഞ്ഞതും ടയറുകൾക്ക് ആവശ്യം കൂടിയതും ചൈനയിൽ ഡിമാൻഡ് വർദ്ധിച്ചതുമാണ് വിലക്കുതിപ്പിന് കാരണം. ചൈനയിൽനിന്ന് റബ്ബർ വ്യവസായ സാമഗ്രികളുടെ വരവിൽ നിയന്ത്റണം വന്നതും ആഭ്യന്തരവില ഉയരാൻ കാരണമായി. ഇതേത്തുടർന്ന് രാജ്യത്ത് അടഞ്ഞുകിടന്ന റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.

വിലക്കയറ്റം മേഖലയിൽ ഉണർവുണ്ടാക്കും

വില ഉയരാതെ വന്നതോടെ റബ്ബർ വെട്ടി കളഞ്ഞ് റമ്പൂട്ടാനോ, പ്ളാവോ കൃഷി ചെയ്യാനായി പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് അപ്രതീക്ഷതമായ വിലക്കയറ്റം. കൊവിഡ് കാലത്ത് ഇത്തരമൊരു മാറ്റം പ്രതീക്ഷിച്ചില്ല. വിലക്കയറ്റം മേഖലയിൽ ഉണർവുണ്ടാക്കും. തല്ക്കാലം പിടിച്ചു നില്ക്കാനും കഴിയും. വില കുറഞ്ഞതോടെ വർഷാവർഷമിടേണ്ട വളം പോലും ഇട്ടിരുന്നില്ല ഇനി വളം ചെയ്യണം.

സോമശേഖരൻ, കർഷകൻ, പട്ടിമറ്റം