tran

കൊച്ചി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്.ഐ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ അവസരം. കാക്കനാട് സെസിലെ കമ്പനിയുടെ പാക്കിംഗ് വിഭാഗത്തിൽ 20 പേർക്കാണ് ആദ്യഘട്ടത്തിൽ തൊഴിൽ നൽകുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞത് പത്താം ക്ളാസ് വരെ പഠിപ്പുണ്ടാകണം. ജില്ലയിലുള്ളവർക്ക് മുൻഗണന. താമസസൗകര്യം ഉണ്ടാവില്ല. രാവിലെ 9 സമുതൽ വൈകിട്ട് 5 വരെയാണ് ജോലിസമയം. ഈ പരീക്ഷണം വിജയിച്ചാൽ സെസിൽ പ്രവർത്തിക്കുന്ന മറ്റു കമ്പനികളും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷ. നൂറോളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

വഴികാട്ടിയായത് ബിരിയാണി കച്ചവടം

കൊവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കുന്നതിനായി ബിരിയാണി കച്ചവടം തുടങ്ങി പ്രശ്നങ്ങളിൽ പെട്ട ട്രാൻസ്ജെൻഡറായ സജ്ന ഷാജിയുടെ ഫേസ്‌ബുക്ക് ലൈവ് കണ്ടതോടെയാണ് ഇവരെ സഹായിക്കണമെന്ന അഭിപ്രായം ഉയർന്നത്. കൃത്യമായ പരിശോധനകൾക്ക് ശേഷം തികച്ചും അർഹരായവർക്ക് ജോലി നൽകാനാണ് തീരുമാനം.. ആവശ്യമായ പരിശീലനം നൽകും. 200 പേരാണ് പായ്ക്കിംഗ് വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. അധികവും സ്ത്രീകളാണ്.

ഡോ.റെജികൃഷ്ണ

എച്ച്.ആർ.മാനേജർ

തുടങ്ങിയത് മെട്രോ

മനുഷ്യരെന്ന പരിഗണന നൽകാതെ സമൂഹത്തിന്റെ താഴേക്കിടയിലേക്ക് തള്ളിയിരുന്ന ട്രാൻസ്‌ജെൻഡേഴ്സിന് മെട്രോയിൽ ജോലി നൽകാനുള്ള തീരുമാനം ആഗോള മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. 23 പേർക്കാണ് ജോലി ലഭിച്ചത്. മെട്രോ ഒരു വർഷം പൂർത്തിയാക്കിയപ്പോഴേക്കും ട്രാൻസ്‌ജെൻഡേഴ്സിന്റെ എണ്ണം 12 ആയി ചുരുങ്ങി. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിൽ എത്താനുള്ള പ്രയാസം, താമസസൗകര്യം ലഭിക്കുന്നില്ല, ശമ്പളം തികയുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പലരും ജോലി ഉപേക്ഷിക്കുകയായിരുന്നു.