land
നീലീശ്വരം - നടുവട്ടം റോഡ് കൈയേറ്റം എന്നു കാണിച്ച് അങ്കമാലി പി.ഡബ്ളിയു.ഡി.അസി.എഞ്ചിനിയർ പ്രവാസിയായ ബൈജു ദാസൻ്റെ പുരയിടത്തിൽ കല്ലിട്ടിരിക്കുന്നു. സഹോദരൻ ബാബു ദാസൻ സമീപം

നിരവധി കൈയേറ്റങ്ങൾ ഉള്ള നീലീശ്വരം നടുവട്ടം റോഡിൽ ഒരു വീടിനെതിരെ മാത്രം ശരവേഗത്തിൽ നടപടി

കാലടി : റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ ഒരു കേസിൽ മാത്രം പൊതുമരാമത്ത് വകുപ്പിനും താലൂക്ക് സർവേക്കാർക്കും ദുരൂഹ താല്പര്യമെന്ന് പരാതി. വൃദ്ധർ താമസിക്കുന്ന വീട്ടുവളപ്പിൽ ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കയറിയിറങ്ങിയെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ പരാതിയിൽ പറയുന്നു.

നീലീശ്വരം കാക്കനാട്ട് വീട്ടിൽ ബാബുവാണ് പരാതിക്കാരൻ. ബാബുവിന്റെ പ്രവാസിയായ സഹോദരൻ ബൈജു ദാസന്റെ പേരിലുള്ള വീട്ടുവളപ്പിലാണ് ഒക്ടോബർ 19ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കടന്നുകയറിയത്. അറുപത് കഴിഞ്ഞ ബാബുവും ഭാര്യയും വൃദ്ധയായ മാതാവുമാണ് ഇവിടെ താമസം.

ഇവരുടെ അയൽപ്പക്കക്കാരിയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറയുന്ന ചിലരും ഒരു അറിയിപ്പും നൽകാതെ മാസ്കു പോലും ധരിക്കാതെ വീട്ടുവളപ്പിൽ കയറി കല്ലിട്ട് തിരിച്ച് മതിൽ ഏഴു ദിവസത്തിനകം പൊളിച്ച് കളയണമെന്ന് നോട്ടീസ് നൽകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

അയൽവാസിയുടെ നിലത്തിലേക്കുള്ള വഴിക്ക് വീതി കൂട്ടാനുള്ള തന്ത്രമാണ് ഉദ്യോഗസ്ഥർ ധൃതി പിടിച്ച് നടപ്പാക്കുന്നതെന്നാണ് ആരോപണം. തന്റെ വീട്ടുവളപ്പിൽ മാത്രം കൈയേറ്റമുണ്ടെന്ന് പറഞ്ഞ് മതിൽ പൊളിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയും വ്യക്തി താല്പര്യങ്ങളുമുണ്ടെന്ന് ബാബു ആരോപിക്കുന്നു. പൂർവികർ കൈവശം വയ്ക്കുന്ന ഭൂമിയാണിത്. കൈയേറ്റമില്ല. ഈ നടപടിയെക്കുറിച്ച് അന്വേഷണം വേണമെന്നും ക്രമവിരുദ്ധമായ നോട്ടീസ് പിൻവലിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വീട്ടുവളപ്പിൽ അതിക്രമിച്ച്കയറിയതിന് നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാലടി പൊലീസിലും പരാതി നൽകി.

വഴിനിറയെ കൈയേറ്റം, നടപടിയില്ല

രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള നീലീശ്വരം - ചേരാനല്ലൂർ, നടുവട്ടം ട്രേസ് റോഡിൽ നിരവധി സ്ഥലങ്ങളിൽ കൈയേറ്റമുണ്ട്. വർഷങ്ങൾ പഴക്കമുള്ള നിരവധി പരാതികളുമുണ്ട്. എന്നാൽ അവിടെയൊന്നും ഇത്രയും കാലമായിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തിട്ടില്ല. സർവേ നടത്താനുള്ള അപേക്ഷകളിൽ വർഷങ്ങളായി റീസർവേ വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് കൊവിഡ് കാലത്ത് ആഗസ്റ്റിൽ നൽകിയ പരാതിയിൽ ശരവേഗത്തിൽ ഫയലുകൾ നീങ്ങിയതും റീസർവേ വകുപ്പിൽ നിന്ന് ഒരു വീട്ടുവളപ്പിലെ മാത്രം അളവ് നടന്നതും.

നിയമപ്രകാരമുള്ള നടപടി

നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചത്. ആഗസ്റ്റിൽ പരാതി ലഭിച്ചപ്പോൾ സ്ഥലം അളക്കാൻ താലൂക്ക് സർവേയറോട് ആവശ്യപ്പെട്ടിരുന്നു. അവർ വന്ന് അളന്ന മാർക്ക് ചെയ്ത പ്രകാരമാണ് കഴിഞ്ഞ ദിവസം കല്ലിട്ടത്. പരാതിക്കാരിയുടെയും ഭൂമി അളന്നതാണ്. സർവേയർ വേഗം നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ലിസി മേരി പോൾ

അസി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്, അങ്കമാലി.

ഇത് അന്യായം, പ്രതിഷേധമുണ്ട്

ഒരു വ്യക്തിയുടെ താല്പര്യത്തിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥർ കള്ളക്കളി നടത്തുകയാണ്. ഈ റോഡിലെമ്പാടും കൈയേറ്റമുണ്ട്. വർഷങ്ങളായി അനങ്ങാതിരിക്കുന്ന താലൂക്ക് സർവേയറും പൊതുമരാമത്ത് വകുപ്പും കൊവിഡ് കാലത്ത് ഉത്സാഹിക്കുന്നതിന് പിന്നിൽ വേറെ ഉദ്ദേശ്യമാണ്. ഇതിനെതിരെ രംഗത്തുവരും.

കെ.ഡാലി, പ്രസിഡന്റ്

എസ്.എൻ.ഡി.പി യോഗം നീലീശ്വരം ഈസ്റ്റ് ശാഖ