dyfi
കൊവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ സംസ്‌കാരത്തിന് മാസ്‌ക്കും കൈയ്യുറയും മാത്രം ധരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തിയപ്പോൾ

ആലുവ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതിൽ ആലുവക്കാർ വീണ്ടും മാതൃകയായി. കൊവിഡിന്റെ ഭീതിയകറ്റുന്നതിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് പി.പി.ഇ കിറ്റ് ധരിക്കാതെ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു.

ആലുവ സിറിയൻ ചർച്ച് റോഡിൽ പറമ്പിവീട്ടിൽ പി.വി. വർഗീസ് (84) ആണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽകോളേജിൽ മരിച്ചത്. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരം കൈയ്യുറയും മാസ്കും ധരിച്ച് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാമെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടിട്ടും ഭയം മൂലം ആരും മുന്നോട്ട് വന്നിരുന്നില്ല. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ആലുവ എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പുഷ്പയുടെ മൃതദേഹം പി.പി.ഇ കിറ്റ് ധരിക്കാതെയാണ് സന്നദ്ധ പ്രവർത്തകർ കളമശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചത്. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പി.വി. വർഗീസിന്റെ മൃതദേഹം പി.പി.ഇ കിറ്റ് ധരിക്കാതെ സംസ്കരിക്കുന്നതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തയ്യാറായത്.
ആലുവ തൃക്കുന്നത്ത്പള്ളി സെമിത്തേരിയിലാണ് സംസ്‌ക്കാരചടങ്ങുകൾ നടന്നത്. കൈയ്യുറയും മാസ്‌ക്കും മാത്രം ധരിച്ച് ആലുവ നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സഖറിയ, ആലുവ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, ചൂർണിക്കര മേഖലാ സെക്രട്ടറി മനോജ് ജോയ്, എ.എസ്. ടിജിത്ത്, സി.കെ. അജി എന്നിവരാണ് പങ്കെടുത്തത്.

മേരിയാണ് മരിച്ച വർഗീസിന്റെ ഭാര്യ. മക്കൾ: ഷീബ, എൽദോ (ഹിൻഡാൽകോ), ബിനോയ് (അമേരിക്ക). മരുമക്കൾ: ബെന്നി ജോസഫ് (റിട്ട. ഡെപ്യൂട്ടി കളക്ടർ), സാനി, നിഷ.