cement

 പ്രൈസ് ഡിസ്കൗണ്ട് തട്ടിപ്പിന് പുറമേ കൃത്രിമ ക്ഷാമവും

കൊച്ചി: കേരളത്തിൽ സിമന്റ് വില കുത്തനെ കൂടാൻ കാരണം തമിഴ്‌നാട് കമ്പനികളുടെ പ്രൈസ് ഡിസ്കൗണ്ട് തട്ടിപ്പും കൃത്രിമക്ഷാമവും. ഡീലർമാർക്ക് അനുവദിച്ചിരുന്ന പ്രൈസ് ഡിസ്‌കൗണ്ട് നിറുത്തലാക്കിയ കമ്പനികൾ, ബിൽ ചെയ്‌ത വിലയ്ക്ക് സിമന്റ് വിൽക്കാൻ നിർബന്ധിക്കുകയാണ്.

ചാക്കിന് 425 രൂപയാണ് ബിൽ വിലയെങ്കിലും 340 രൂപയ്ക്ക് സിമന്റ് വിൽക്കാൻ ഡീലർമാരെ കമ്പനികൾ അനുവദിച്ചിരുന്നു. ബാക്കിവരുന്ന 85 രൂപ കമ്പനികൾ പിന്നീട് ഡീലർമാർക്ക് നൽകും. ഇതാണ് പ്രൈസ് ഡിസ്‌കൗണ്ട്. ഇതൊഴിവാക്കി വിൽക്കാൻ കമ്പനികൾ നിർബന്ധിച്ചതോടെയാണ് വില കുതിച്ചത്.

നടപ്പു സാമ്പത്തിക വർഷം ആറുമാസം പിന്നിട്ടിട്ടും പ്രൈസ് ഡിസ്‌കൗണ്ട് വകയിൽ വൻതുക കുടിശികയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

വ്യാപാരികളെ സമ്മർദ്ദത്തിലാക്കാൻ ഈമാസം ആദ്യം മുതൽ കമ്പനികൾ കൃത്രിമക്ഷാമം സൃഷ്‌ടിച്ചു. എന്നാൽ, ഉയർന്ന വിലയ്ക്ക് സിമന്റ് വിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾക്കെതിരെ നിസ്സഹകരണ സമരത്തിലാണ് ഡീലർമാർ.

''പ്രൈസ് ഡിസ്കൗണ്ട് വകയിൽ വൻതുക തിരിച്ചുകിട്ടാനുണ്ട്. ഇതു ലഭ്യമാക്കാനും കൃത്രിമക്ഷാമമുണ്ടാക്കി വിലകൂട്ടുന്നതിൽ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ.പി. ജയരാജന് നിവേദനം നൽകിയിട്ടുണ്ട്"",

എം. ആർ. ഫ്രാൻസിസ്

പ്രസിഡന്റ്,

കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ