കോലഞ്ചേരി: കണ്ണിൽ പൊടിയിടാൻ കുഴിയടച്ചാൽ, പൊടി കണ്ണിൽ തന്നെ വീഴുമെന്ന് നാട്ടുകാർ, കുഴിയടച്ചെ അടങ്ങൂ എന്ന് കരാറുകാരൻ, ഒടുവിൽ റോഡിലെ കുഴിയടക്കാനും പൊലീസെത്തേണ്ടി വന്നു. ചെളിയിട്ട് കുഴിയടച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ ബോർഡും വച്ചു. "മാമ്മനോടൊന്നും തോന്നല്ലെ മക്കളെ" . പട്ടിമറ്റം നെല്ലാട് റോഡിൽ അത്താണിയിലെ നാട്ടുകാർക്കാണീ ഗതി. റോഡ് വികസനത്തിനു വേണ്ട നടപടികളൊരുക്കാതിരിക്കാൻ വാട്ടർ അതോറിറ്റി, വനം വകുപ്പ്, റീ സർവെ വകുപ്പുകൾ മത്സരിച്ചതാണ് റോഡിന്റെ കാര്യം കട്ടപ്പുകയാക്കിയത്. വീതി കൂട്ടി റോഡ് നിർമ്മിക്കാൻ 46 മരങ്ങൾ മാറ്റണം, കുടിവെള്ളം മുടങ്ങാതിരിക്കാൻ കുടിവെള്ള പൈപ്പുകൾ മാറ്റണം, റോഡിന്റെ അലൈൻമെന്റുകൾ കൃത്യമാക്കാൻ സർവെ വകുപ്പിന്റെയും ഇടപെടലുകൾ വേണം എന്നാൽ സർവ വകുപ്പിലെയും ഉദ്യോഗസ്ഥർ ഇടം തിരിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു. കാര്യങ്ങൾ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളും ശ്രമിക്കാതെ വന്നതോടെ റോഡു പണി സ്വാഹ. മൂവാറ്റുപുഴ നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കുള്ള റോഡാണിത്. കെ.എസ്.ആർ.ടി.സിയും സ്വാകാര്യ ബസുകളടക്കം നൂറു കണക്കിന് വാഹനങ്ങൾ ദിവസേന പോകുന്ന വഴിയുമാണ്. നെല്ലാട് മുതൽ മനയ്ക്കക്കടവ് വരെ കാൽനടയാത്ര പോലും ദുസഹമായ രീതിയിലാണ്. പലയിടത്തും ടാറിംഗ് ഇല്ലാതെ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്തിടെയായി അപകടങ്ങളും മരണ നിരക്കും വർദ്ധിച്ചിട്ടുണ്ട്.
കരാറുകാരന്റെ വാഹനം തടഞ്ഞു
ഇവിടെയുണ്ടായ പാതാളക്കുഴിയിലാണ് ഓട്ടയടക്കാൻ വന്ന കരാറുകാരന്റെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത്. പിന്നീട് പൊലീസിന്റെ സഹായത്തോടെ എത്തി പാറപ്പൊടിയും ചെളിയും കുഴിയിലിട്ടു. അടുത്ത മഴയ്ക്ക് വീണ്ടും റോഡ് ചിളിയും, വെയിലായാൽ പൊടി പൂരവും. ഇതു സഹിച്ചു മടുത്തതിനാലാണ് തടഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് പണി തുടങ്ങിയിട്ട് രണ്ടു വർഷം
രണ്ടു വർഷം മുമ്പ് തുടങ്ങിയ റോഡ് പണിയാണ് എങ്ങുമെത്താതെ ഇന്നും അനന്തമായി നീളുന്നത്. റോഡിനായി സർക്കാർ കിഫ്ബി വഴി 32.6 കോടി രൂപയാണ് അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2018 ജൂലായ് 20 നാണ് 26.54 കോടി രൂപക്ക് റോഡ് നിർമ്മാണം ടെണ്ടർ ചെയ്തത്. 18 മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ ഈ കാലാവധിക്കുള്ളിൽ ഒന്നും നടന്നില്ല. കാരാർ കാലാവധി കഴിഞ്ഞ ജനുവരിയിൽ തീരുകയും ചെയ്തു.