
കൊച്ചി: യൂറോപ്യൻ ഫുഡ് സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് അലൈൻസ് നടത്തിയ രാജ്യാന്തര പ്രബന്ധമത്സരത്തിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) വിദ്യാർത്ഥികൾക്ക് പുരസ്‌കാരം. സ്വന്തം രാജ്യത്തെ ഭക്ഷ്യവൈവിദ്ധ്യത്തിന്റെ തനത് സവിശേഷതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു മത്സരവിഷയം.25 രാജ്യങ്ങളിലെ ഫുഡ് സയൻസ് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കുഫോസിലെ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനികളായ അമല ടോണി, ചിത്ര ഹരിനാരായണൻ, എ. അശ്വതി എന്നിവർ ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തെ ലോകത്തിലെ മികച്ച പത്ത് പ്രബന്ധങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.നാരങ്ങാത്തൊലിയും വാഴനാരും മുരിങ്ങ, പപ്പായ, കൊന്ന എന്നിവയുടെ വിത്തുകളും ഉപയോഗിച്ച് നൂറ് ശതമാനം സുരക്ഷിതമായി കുടിവെള്ളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ച പ്രബന്ധമാണ് ഇവർ അവതരിപ്പിച്ചത്. ചെലവ് കുറഞ്ഞ ഈ മാർഗത്തിലൂടെ കുടിവെള്ളത്തിലെ ബാക്ടീരിയകളെയും മാലിന്യങ്ങളെയും പൂർണമായും നീക്കാൻകഴിയും. യുറോപ്യൻ യൂണിയൻ നടത്തുന്ന ഉന്നത പരിശീലനത്തിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് സമ്മാനം. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പ്രബന്ധം ഇവരുടേതാണ്.