goat
പത്ര ഏജന്റ് മുളക്കത്ത് ബഷീറിന്റെ ആട്ടിൻ കുട്ടിയെ തെരുവുനായ കടിച്ചുകീറിയ നിലയിൽ

മൂവാറ്റുപുഴ: മുളവൂർ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു . നിരവധി വളർത്തു മൃഗങ്ങളെയാണ് കൂട്ടമായി എത്തുന്ന തെരുവു നായകൾ കടിച്ചുകീറി കൊന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചോളം ആടുകളും, നിരവധി കോഴികളും തെരുവു നായകളുടെ ആക്രമണത്തിനിരയായി. മുളവൂർ ഒന്നാം മൈൽ അമ്പുക്കുന്നേൽ പത്ഭനാഭന്റെ ആട്ടിൻ കുട്ടിയെ തെരുവു നായകൾ കഠിച്ചുകൊന്നു. വ്യാഴാഴ്ച ഉച്ചയോടെ റബ്ബർതോട്ടത്തിൽ പുല്ലുമേഞ്ഞുകൊണ്ടിരുന്ന ആട്ടിൻ കുട്ടികളെയാണ് കൂട്ടമായി എത്തിയ തെരുവു നായകൾ കടിച്ചുകീറിയത്. ആടിന്റെ കരച്ചിൽ കേട്ട് പ്രദേശ വാസികൾ ഓടിയെത്തിയെങ്കിലും കൂട്ടമായി എത്തിയ തെരുവായകൾ ആടിനെ കൊന്ന് ഭക്ഷിച്ചിരുന്നു. ഇതിന് മുമ്പ് പത്ഭനാഭന്റെ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ തെരുവുനായകൾ കടിച്ചുകൊന്നിരുന്നു. ഇന്നലെ രാവിലെ മുളവൂർ ദേവർകുന്നിനു സമീപം താമസിക്കുന്ന പത്ര ഏജന്റ് കൂടിയായ മുളക്കത്ത് ബഷീറിന്റെ ആടിനെ തെരുവുനായകൾ കടിച്ചു കീറി. രാവിലെ മേയാനായി അഴിച്ചുവിടുന്നതിനിടെ കൂട്ടമായി എത്തി തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. ബഷീറിന്റെ സമയോജിതമായ ഇടപെടലാണ് ആടിന്റെ ജീവൻ രക്ഷിച്ചത്. പ്രദേശത്ത് നിരവധി കോഴികളേയും തെരുവുനായകൾ കടിച്ചുകൊന്നു. ആളൊഴിഞ്ഞ പ്രദേശങ്ങളിലും വീടുകളിലും കൂട്ടമായി കഴിയുന്ന തെരുവുനായകൾ വിജന പ്രദേശങ്ങളിൽ മേയുന്ന മൃഗങ്ങളെയാണ് ആക്രമിക്കുന്നത്. കുട്ടികൾ അടക്കമുള്ളവരേയും തെരുവുനായ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടസംഭവങ്ങളും ഉണ്ട്. അറവുശാലകളിൽ നിന്നും പൊതു നിരത്തിലേക്ക് തള്ളുന്ന അറവുമാലിന്യങ്ങളും കോഴി ഫാമുകളിൽ നിന്നും , കടകളിൽ നിന്നും പൊതുനിരത്തിലേക്ക് തള്ളുന്ന വേസ്റ്റുകളും തിന്നാണ് തെരുവുനായകൾ രക്തദാഹികളായി മാറിയിരിക്കുന്നത്. പായിപ്ര പഞ്ചായത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി തെരുവു നായകളുടെ വന്ധ്യകരണ ശസ്ത്രക്രിയകൾ നടക്കാത്തതിനാൽ പഞ്ചായത്തിൽ തെരുവുനായകളുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചിരിക്കുകയാണ്.