കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലെ സലിം രാജൻ റോഡിന്റെയും മാവേലി റോഡിന്റെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഡോ.പൂർണിമ നാരായണന്റെ നേതൃത്വത്തിൽ സലിം രാജൻ റോഡിൽ നിൽപ്പു സമരം നടത്തി .കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം .മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി തുക അനുവദിച്ചിട്ടുള്ള ഈ റോഡുകളുടെ പുനർനിർമ്മാണത്തിന് ടെൻഡർ നടപടികൾ വരെ പൂർത്തിയായിട്ടുണ്ടെന്ന് പൂർണ്ണിമ പറഞ്ഞു. എന്നാൽ മറ്റു നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് കോർപ്പറേഷൻ യാതൊരു നീക്കവും നടത്തുന്നില്ല. ഗാന്ധിനഗർ ഡിവിഷനോടുള്ള അവഗണന തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കൗൺസിലർ പറഞ്ഞു. ബി.വിജയകുമാർ ,ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എരിയ കമ്മിറ്റി അംഗം എം.വി. ഗോപിനാഥൻ ,റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.