ഡ്രൈവറും ക്ളീനറും ഓടി രക്ഷപ്പെട്ടു
ആലുവ: ടർപ്പായ ഉപയോഗിച്ച് മൂടികെട്ടി മണൽ കടത്താൻ ശ്രമിച്ച മിനിലോറി പൊലീസ് പിടികൂടി. അമ്പാട്ടുകാവിന് സമീപം ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം. ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.
കോഴിക്കോട് താമരശേരി തണ്ടിയേക്കൽ ഇബ്രാഹിം പരീതിന്റെ ഉടമസ്ഥയിലുള്ളതാണ് ഐഷർ ലോറിയെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് റാഫിയുടെ നിർദ്ദേശപ്രകാരം ആലുവ പൊലീസ് കൺട്രോൾ റൂം ടീമാണ് മണൽ ലോറി പിടികൂടിയത്. രണ്ടാഴ്ച മുമ്പും ആലുവയിൽ നിന്നും കൊല്ലത്തേക്ക് മണലുമായി പോയ രണ്ട് ലോറികൾ ആലുവ പൊലീസ് പിടികൂടിയിരുന്നു. ഒരു വിഭാഗം പൊലീസിന്റെ ഒത്താശയോടെ അടുത്തകാലത്താണ് രാത്രിയുടെ മറവിൽ ഇതരസംസ്ഥാനക്കാരെ ഉപയോഗിച്ച് പെരിയാറിൽ മണൽ വാരൽ ആരംഭിച്ചത്. ഇതേതുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദ്ദേശപ്രകാരം പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ലോറി ആലുവ ലോക്കൽ പൊലീസിന് കൈമാറി. കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീർ, എ.എസ്.ഐ കുഞ്ഞുമുഹമ്മദ്, എസ്.സി.പി.ഒ വിൽസൺ, സി.പി.ഒ ഫൈസൽ എന്നിവരും ചേർന്നാണ് വാഹനം പിടികൂടിയത്