
കൊച്ചി: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകൾ, വിദ്യാരംഭം, സംഗീതക്കച്ചേരി തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി.
ചടങ്ങുകൾ പരമാവധി വീടുകളിൽ തന്നെ നടത്തുക.
കണ്ടെയ്ൻമെന്റ് സോണുകളിൽ വീടിനു പുറത്ത് ആഘോഷം പാടില്ല.
പരമാവധി 40 പേർക്കു മാത്രമേ പ്രവേശനം നൽകാവൂ
പ്രവേശന കവാടത്തിൽ 5 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് ഒഴിവാക്കണം
ചടങ്ങ് നടക്കുന്നിടത്ത് തെർമൽ സ്ക്രീനിംഗിനുള്ള സൗകര്യമൊരുക്കണം. രോഗലക്ഷണങ്ങളുള്ളവരെ ഒരു കാരണവശാലും അകത്ത് പ്രവേശിപ്പിക്കരുത്.
വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് 6 അടി ശാരീരിക അകലം പാലിക്കണം. തറയിൽ അടയാളമിട്ടോ വടം കെട്ടിയോ ശാരീരിക അകലപാലനം ഉറപ്പുവരുത്തണം.
മാസ്ക് ധരിക്കണം. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്
അനാവശ്യമായി എവിടെയും സ്പർശിക്കരുത്.
എവിടയെങ്കിലും സ്പർശിച്ചാലുടൻ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കണം. സജ്ജീകരണം സംഘാടകർ ഒരുക്കണം.
ആളുകൾ നിരന്തരം സ്പർശിക്കുന്ന എല്ലാ പ്രതലങ്ങളും 1 % ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം
ആദ്യക്ഷരം കുറിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പുനരുപയോഗം ഒരു കാരണവശാലും പാടില്ല. ഓരോ കുട്ടിയെയും എഴുതിക്കുന്നതിനു മുമ്പ് കൈകൾ ശുചിയാക്കണം
ചടങ്ങുകളിൽ സംബന്ധിക്കുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും നിർബന്ധമായും രേഖപ്പെടുത്തണം