m-sivasankar

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി അടുപ്പമുണ്ടെന്ന ആരോപണത്തിൽ നിന്ന് കേസിലെ മുഖ്യ സൂത്രധാരനാകാം ശിവശങ്കറെന്ന ഇ.ഡിയുടെ ചുവടുമാറ്റം അദ്ഭുതകഥ പോലെയാണെന്ന് (ഫെയറി ടെയിൽ) ശിവശങ്കറിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു. ഒരിടത്തൊരു രാജകുമാരൻ രാവിലെ പൂന്തോട്ടത്തിൽ നടക്കാനിറങ്ങിയപ്പോൾ ഒരു തവളയെ കണ്ടു എന്നു തുടങ്ങി അവിശ്വസനീയമായ തരത്തിലാണ് അന്വേഷണ ഏജൻസികൾ കഥ മെനയുന്നതെന്നും വാദിച്ചു.

വിവിധ അന്വേഷണ ഏജൻസികൾ 100 മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലുകൾക്ക് മാത്രമായി 600 മണിക്കൂർ സഞ്ചരിച്ചു. കേസിൽ പങ്കുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ഇ.ഡി ഹാജരാക്കിയിട്ടില്ല.

സ്വപ്നയുടെ പണം കൈകാര്യം ചെയ്യാൻ നിർദ്ദേശിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചെന്നു പറയുന്ന ഇ.ഡി താൻ എന്നാണ് ഇതയച്ചതെന്ന് പറയുന്നില്ല. 2018ലെ സന്ദേശങ്ങളാണത്. ആദ്യമായി പ്രതികൾ സ്വർണക്കടത്തു നടത്തിയത് 2019 ജൂലായിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ വിവിധ സംഭവങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വളച്ചൊടിക്കുകയാണ്. നിരപരാധിത്വം തെളിയിക്കാൻ അന്വേഷണവുമായി പരമാവധി സഹകരിച്ചിട്ടുണ്ട്. ഒടുവിൽ സമ്മർദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് തളർന്നുപോയത്. അതു നാടകമാണെന്നാണ് ആരോപണമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വിശദീകരിച്ചു.