
കൊച്ചി : സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത യൂ ട്യൂബർ വിജയ്. പി. നായരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരെ ഒക്ടോബർ 30 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
മൂവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഹർജിയിൽ 30 ന് കോടതി വിധി പറയും. നേരത്തെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.
ജയിൽവാസം നേരിടാൻ മടിക്കുന്നതെന്തിന്
യൂട്യൂബറെ ലോഡ്‌ജിൽ കയറി മർദ്ദിക്കാൻ ധൈര്യം കാണിച്ചവർ ജയിൽവാസമുൾപ്പെടെയുള്ള അനന്തരഫലം നേരിടാൻ മടി കാട്ടുന്നതെന്തിനാണെന്ന് കോടതി വാക്കാൽ ചോദിച്ചു. അന്വേഷണത്തെയും തുടർ നടപടികളെയും നേരിടുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്നതെന്തിനാണ് ? അയാളെ മർദ്ദിച്ചതിനു നിങ്ങൾ തന്നെ തെളിവുണ്ടാക്കിയിട്ടുണ്ടല്ലോയെന്നും കോടതി പറഞ്ഞു.
യൂ ട്യൂബർ മോശമായ വീഡിയോയാണ് പോസ്റ്റ് ചെയ്തതെങ്കിൽപ്പോലും നിയമം കൈയിലെടുക്കാൻ ഒരാൾക്കും അവകാശമില്ലെന്ന സെഷൻസ് കോടതിയുടെ പരാമർശവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജയ്. പി.നായർ ഒത്തു തീർപ്പു ചർച്ചയ്ക്കു വിളിച്ചതിനാലാണ് ലോഡ്ജിൽ പോയതെന്നും അവിടെ വച്ച് തങ്ങളെയാണ് അയാൾ ആക്രമിച്ചതെന്നുമാണ് ഹർജിക്കാരുടെ വാദം. പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ തിരിച്ചടിച്ചതെന്ന് കോടതി ചോദിച്ചു. അതേസമയം ,വിജയ്. പി. നായരുടെ റൂമിൽ നിന്നു ലാപ്ടോപ്പ് ഉൾപ്പെടെ മോഷ്ടിച്ചെന്ന ആരോപണം ശരിയല്ലെന്നും, ഇവയെല്ലാം പൊലീസിനു കൈമാറിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ വ്യക്തമാക്കി.