കൊച്ചി: സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ ഇനി ഒരു കുടക്കീഴിൽ വാങ്ങാം. ഇതിനായി സഹകരണ വകുപ്പിന്റെ കോ - ഓപ് മാർട്ട് നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ ജില്ലയിൽ ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരാണ് വിപണന കേന്ദ്രം തുടങ്ങുന്നത്. നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ട് ജനങ്ങൾക്ക് തുറന്നു കൊടുക്കും.
ജൈവവും വിഷ രഹിതവുമായ ശുദ്ധമായ ഉത്പന്നങ്ങളുമായാണ് കോ- ഓപ് മാർട്ടുകൾ വിപണിയിലേക്കെത്തുന്നത്. സഹകരണ സംഘങ്ങൾ കൃഷി ചെയ്തും അല്ലാതെയും ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണന കേന്ദ്രം കൂടിയായ് ഇത് മാറും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം എന്നീ നാല് ജില്ലയിലാണ് വില്പനശാലകൾ ആരംഭിക്കുന്നത്.