
കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യപ്രതി സന്ദീപ് നായർ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പിനുവേണ്ടി കസ്റ്റംസ് നൽകിയ അപേക്ഷ എറണാകുളം എൻ.ഐ.എ കോടതി തള്ളി. സ്വർണക്കടത്തിന് ഭീകരവാദ ബന്ധമുണ്ടെന്ന സൂചനയെത്തുടർന്ന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് മാപ്പു സാക്ഷിയാകുന്നതിനു മുന്നോടിയായി സന്ദീപ് നായർ കോടതിയിൽ അപേക്ഷ നൽകി രഹസ്യ മൊഴി നൽകിയത്.മൊഴികൾ സ്വർണക്കടത്തിന്റെ അന്വേഷണത്തിന് ഏറെ സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കഴിഞ്ഞ ദിവസം എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. മുദ്രവെച്ച കവറിൽ സമർപ്പിച്ച മൊഴിയുടെ പകർപ്പ് കേസിന്റെ അന്വേഷണ ഘട്ടത്തിൽ നൽകരുതെന്ന് എൻ.ഐ.എയുടെ അഭിഭാഷകൻ വാദിച്ചു. രഹസ്യമൊഴി പുറത്തു നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിയുടെ ജീവനെപ്പോലും അതു ബാധിക്കാനിടയുണ്ടെന്നും എൻ.ഐ.എ വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു.
രണ്ടു പ്രതികൾക്ക് കൂടി ജാമ്യം
സ്വർണക്കടത്തു കേസിൽ ഹംസദ് അബ്ദു സലാം, സംജു എന്നീ പ്രതികൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ഇതോടെ 30 പ്രതികളുള്ള കേസിൽ 12 പേർക്ക് ജാമ്യം ലഭിച്ചു. പത്ത് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.