പറവൂർ: വിദ്യാരൂപിണിയായ സരസ്വതീദേവിയുടെ ചൈതന്യം കുടികൊള്ളുന്ന പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിനും ദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നിരവധി പേർ പുസ്തകങ്ങൾ പൂജയ്ക്കുവെച്ചു. അടുത്ത ദിവസങ്ങളിൽ രാവിലെ ആറു മുതൽ പതിനൊന്നു വരെയും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയും ദർശനം. തെർമൽ സ്കാനിംഗ് നടത്തിയ ശേഷംനാൽപത് പേരെയാണ് ഒരേ സമയം ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക.
ഇന്നും നാളെയും ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. സംഗീതാർച്ചനയും മറ്റു പരിപാടികളും ഉണ്ടാവില്ല. വിജയദശമിക്ക് പുലർച്ചെ മൂന്നിന് ദേവിയുടെ പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. നടതുറന്നശേഷം അഷ്ടാഭിഷേകവും സരസ്വതിപൂജയും ഉണ്ടാകും. ശീവേലി, പന്തീരടി പൂജയ്ക്കുശേഷം പൂജയെടുക്കും. ശ്രീകോവിലിൽ നിന്ന് സരസ്വതിചൈതന്യം വിദ്യാരംഭ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചശേഷം വിദ്യാരംഭം ആരംഭിക്കും.
ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരി, മേൽശാന്തി ബി.വി. രംഗയ്യ എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. തെക്കുകിഴക്കേകോണിലെ വിദ്യാരംഭ മണ്ഡപത്തിൽ മാത്രമായിരിക്കും എഴുത്തിനിരുത്ത്. 65 വയസിനു താഴെയുള്ള എട്ട് ഗുരുക്കന്മാർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും.
നിശ്ചിത അകലത്തിൽ ഗുരുനാഥൻ ഇരിക്കും. കുട്ടിയുടെ ഒപ്പം രണ്ടു പേർക്ക് വിദ്യാരംഭ മണ്ഡപത്തിൽ പ്രവേശിക്കാം. ഗുരുനാഥന്റെ നിർദേശപ്രകാരം രക്ഷിതാവ് കുട്ടിയെ എഴുത്തിനിരുത്തണം. നാവിൽ എഴുതാൻ സ്വർണ മോതിരമോ നാരായമോ രക്ഷിതാക്കൾ കൊണ്ടുവരണം.