
കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുന്നതിനായി വിചാരണ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപേക്ഷ കോടതി തള്ളി. വിചാരണക്കോടതിയായ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്.
ഇന്നലെ രാവിലെ അപേക്ഷ പരിഗണിച്ചപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. സുരേശൻ ഹാജരായില്ല. വാദിക്കാൻ പ്രോസിക്യൂഷൻ പാനലിലെ അഭിഭാഷകനും വിമുഖത കാട്ടി. തുടർന്നാണ് അപേക്ഷ തള്ളിയത്.
കേസ് നവംബർ മൂന്നിലേക്ക് മാറ്റിയ കോടതി വിചാരണ തടസപ്പെടാതിരിക്കാൻ നടപടി വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. വിചാരണ എത്രയും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതും ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിൽ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യസാക്ഷിയെ വിസ്തരിച്ചശേഷം ലഭിച്ച അജ്ഞാത കത്തിന്റെ അടിസ്ഥാനത്തിൽ കോടതി നടത്തിയ പല പരാമർശങ്ങളും അനുചിതമായിരുന്നെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഇത്തരമൊരു സാഹചര്യത്തിൽ നിലവിലെ വിചാരണയിൽ നിന്ന് നടിക്ക് നീതി ലഭിക്കില്ലെന്ന ആശങ്കയും പ്രോസിക്യൂഷന്റെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നൽകിയ അപേക്ഷ കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ഹാജരാകേണ്ട ആറ് സാക്ഷികളിൽ നാലുപേർ അവധി അപേക്ഷ നൽകിയിരുന്നു. ബാക്കി രണ്ടു പേരോട് ഇനി സമൻസ് ലഭിച്ചിട്ടു ഹാജരായാൽ മതിയെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.