sreedevi-
ശ്രീദേവി ടീച്ചർ തന്റെ കൃഷിയിടത്തിൽ

വൈപ്പിൻ : കൊവിഡ് കാലത്തും വെറുതെയിരിക്കുകയല്ല ശ്രീദേവി ടീച്ചർ. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയായിരുന്ന ശ്രീദേവി വിരമിച്ചിട്ട് രണ്ട് വർഷമായി. ജോലി ചെയ്തിരുന്ന കാലത്ത് നല്ല അദ്ധ്യാപികയെന്ന പേര് സമ്പാദിച്ച ടീച്ചർ വിരമിച്ചതിനു ശേഷവും സ്‌കൂളിലെത്തി പഠനേതര കാര്യങ്ങളിൽ സജീവമായിരുന്നു. നാടെങ്ങും കൊവിഡ് ഭീതിയിലായതോടെ ടീച്ചറുടെ ശ്രദ്ധ കൃഷിയിലേക്ക് തിരിഞ്ഞു. ഒരേക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ കൃഷി ആരംഭിച്ചു. എടവനക്കാട് കൃഷിഭവനിൽ നിന്ന് ലഭിച്ച ഉമ എന്ന നെല്ലിനം ജൂലായ് മാസത്തിൽ വിതച്ചു.

സ്‌നേഹിതയായ പി.എം സാജിതയുടെയും തൊഴിലുറപ്പ് പ്രവർത്തകരുടെയും സഹായം ആദ്യാവസാനം ലഭിച്ചു. നല്ല വിള ലഭിച്ചതോടെ കഴിഞ്ഞ ദിവസം കൃഷി ഓഫീസർ സജ്‌നയുടെ നേതൃത്വത്തിൽ കൊയ്ത്ത് നടത്തി. നാല് മാസത്തെ നെൽകൃഷിയിൽ മാത്രം തന്റെ കൃഷി ഒതുക്കുവാൻ ശ്രീദേവി ടീച്ചർ ഉദ്ദേശിക്കുന്നില്ല.നായരമ്പലം വെളിയത്താംപറമ്പ് തച്ചപ്പിള്ളി കുടുംബാംഗമാണ്. പ്രവാസിയായ ദിനകരനാണ് ഭർത്താവ്. മകൻ വിനീത് മേനോൻ കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനാണ്.

മറ്റ് കൃഷികൾ

ചേന, ചേമ്പ് , വാഴ, പടവലം, കാബേജ് തുടങ്ങിയവയും കൃഷി ചെയ്യാൻ ആരംഭിച്ചു. എടവനക്കാട് കൃഷിഭവനു പുറമേ ഞാറക്കൽ , നായരമ്പലം കൃഷിഭവനുകളുടെ സഹകരണത്തോടെ പൂക്കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.