കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ വീഴ്ച മൂലം കൊവിഡ് രോഗികൾ മരിച്ചെന്ന ആരോപണത്തിൽ ഡോക്ടർമാരിൽ നിന്നുൾപ്പെടെ പൊലീസ് മൊഴിയെടുത്തു. മരണം വെളിപ്പെടുത്തിയ നഴ്സിംഗ് ഓഫീസർ ജലജാദേവി, ഡോ. നജ്മ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.

സസ്പെൻഷനിൽ കഴിയുന്ന ജലജാദേവിയുടെ കോട്ടയം നീണ്ടൂരിലെ വീട്ടിലെത്തിയാണ് കളമശേരി സി.ഐ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞത്. മരണത്തെപ്പറ്റി തനിക്ക് നേരിട്ടറിയില്ലെന്ന് അവർ അറിയിച്ചു. നഴ്സുമാരുടെ ജാഗ്രത വർദ്ധിപ്പിക്കാനാണ് ശബ്ദ സന്ദേശം വാട്സാപ്പിലൂടെ നൽകിയതെന്നും പറഞ്ഞു.

ഹാരിസ്, ബൈഹക്കി, ജമീല എന്നിവരുടെ മരണം ഓക്സിജൻ ലഭിക്കാതെയാണെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. ആശുപത്രിയിലെത്താമെന്ന് പൊലീസ് അറിയിച്ചെങ്കിലും സ്റ്റേഷനിൽ മതിയെന്നായിരുന്നു നജ്മയുടെ നിലപാട്. ഇന്നലെ വൈകിട്ടെത്തി താൻ നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങൾ നജ്മ ആവർത്തിച്ചു.

മൂന്നു മരണങ്ങളുടെയും സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ മൊഴിയെടുക്കലും ആരംഭിച്ചു. ചികിത്സാ രേഖകൾ ശേഖരിച്ചിട്ടില്ല. ഇവ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് കളമശേരി സി.ഐ പറഞ്ഞു.