
കൊച്ചി: കൊച്ചിയിലെ പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് ലിമിറ്റഡ് വികസിപ്പിച്ച ''ജിപിപി-ബാലഡോൾ'' മരുന്ന് ഇന്ന് ആദ്യമായി ഒരു കൊവിഡ് രോഗിയിൽ പരീക്ഷിക്കും. മരുന്നിന്റെ രണ്ടാം ഘട്ടപരീക്ഷണമാണ് ആരംഭിക്കുന്നത്.പൂനയിലെ ബി.ജെ മെഡിക്കൽ കോളേജിൽ ന്യൂമോണിയയും ശ്വസനസംബന്ധമായ അസുഖങ്ങളുമുള്ള രോഗിക്കാണ് മരുന്ന് നൽകുന്നത്.
ഇവിടത്തെ കൊവിഡ് വിഭാഗം മേധാവി ഡോ.പ്രദ്‌ന്യ ബലറാവുവിന്റെ നേതൃത്വത്തിലാണ് പരീക്ഷണം. അമേരിക്ക, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ദൈനംദിന പുരോഗതി നിരീക്ഷിക്കും. 60 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. 30 ദിവസത്തിനുള്ളിൽ ഇടക്കാല ഫലപ്രാപ്തി പുറത്തുവിടും.രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് കഴിഞ്ഞ മാസം ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയിരുന്നു. ആദ്യഘട്ടം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വളരെ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.
74 പേരിലാണ് ആദ്യഘട്ടം പരീക്ഷിച്ചത്.തുടർ പരീക്ഷണം വിജയിച്ചാൽ, കൊവിഡ് ചികിത്സയ്ക്ക് ലോകത്തെ ആദ്യത്തെ ഔഷധം ''ജിപിപി-ബാലഡോൾ'' (പി.എൻ.ബി 001) ആയിരിക്കുമെന്ന് പി.എൻ.ബി വെസ്പർ ലൈഫ് സയൻസ് ലിമിറ്റഡ് സി.ഇ.ഒ പി.എൻ ബലറാം കേരളകൗമുദിയോട് പറഞ്ഞു