കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ മരിച്ച രോഗിയുടെ സ്വർണാഭരണങ്ങൾ പൂർണമായി തിരിച്ചു നൽകിയില്ലെന്ന് പരാതി. സൗത്ത് വാഴക്കുളം വിനോദ് വിഹാറിൽ വിനോദാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.
ജൂലായ് 7 ന് അമ്മ കെ.ജി രാധാമണിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് ഐ.സി.യുവിലും എം.ഐ.സി.യുവിലും പ്രവേശിപ്പിച്ചു. 22 ന് രാവിലെ അതീവ ഗുരുതരവസ്ഥയിലാണെന്നറിയിച്ചു. ഉച്ചയോടെ കൊവിഡ് ഫലം നെഗറ്റീവാണെന്നും വ്യക്തമാക്കി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്കിടെ മരണം സംഭവിച്ചു. ശരീരം കൊവിഡ് രോഗിയുടേതുപോലെ ബാഗിലാക്കി നൽകി. തുറക്കരുതെന്ന് നിർദേശിച്ചു. മരണശേഷം അമ്മയുടെ ആഭരണങ്ങൾ കൈമാറിയത് രണ്ട് പവനുള്ള മാലയും അര പവനുള്ള ഒരു കമ്മലുമാണ്. അമ്മയുടെ പക്കൽ രണ്ട് പവനുള്ള രണ്ട് വളകളും അര പവനുള്ള ഒരു കമ്മലും അരപവനുള്ള ഒരു മോതിരവും ഉണ്ടായിരുന്നെന്ന് വിനോദ് പരാതിയിൽ പറയുന്നു. അത് മടക്കി നൽകണമെന്നാണ് പരാതിയിലെ ആവശ്യം.