
കോലഞ്ചേരി: കൊവിഡ് നമുക്കൊരുപാട് പരിചിതമില്ലാത്ത വാക്കുകളും, രീതികളും പഠിപ്പിച്ചു. അതിൽ പുത്തനാണ് സെക്ടറൽ മജിസ്ട്രേട്ട്. ഇതെന്തെന്ന് അന്തംവിട്ടിരിക്കുന്നവർക്കിടയിലേക്ക് പരിശോധനയ്ക്കായെത്തുന്നത് വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്.
അദ്ധ്യാപകരും, തഹസിൽദാർമാരും, വെറ്ററിനറി ഡോക്ടർമാരും ഒക്കെയടങ്ങുന്ന സംഘമാണ് ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ വിലയിരുത്താനെത്തുന്നത്. 31വരെയാണ് ഇവർക്ക് മജിസ്റ്റീരിയൽ അധികാരം. പരിശോധനാ യാത്രകളിൽ നിയമപാലനത്തിന്റെ കാർക്കശ്യം മാത്രമല്ല ചിരി പടർത്തുന്ന അനുഭവങ്ങളുമുണ്ട്.
ക്രിമിനൽ നടപടി നിയമത്തിലെ 21 ാം വകുപ്പു പ്രകാരം വിപുലമായ അധികാരമുണ്ടിവർക്ക്. ദുരന്ത നിവാരണ നിയമത്തിലെയും പകർച്ചവ്യാധി നിയന്ത്റണ നിയമത്തിലെയും വകുപ്പുകൾ ചേർത്തും കേസെടുക്കാം. പിഴ ചുമത്താം. നടപടികൾ അതതു പൊലീസ് സ്റ്റേഷനുകൾ വഴിയാകും.
ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനായ കലക്ടർക്കു ദിവസവും റിപ്പോർട്ട് ചെയ്യണം. കൊവിഡ് പ്രോട്ടോക്കോൾ പാലനം, ക്വാറന്റൈയിൻ, ഐസലേഷൻ തുടങ്ങിയവയുടെ കാര്യക്ഷമമായ നിർവഹണം എന്നിവ ഉറപ്പാക്കണം.
144ാം വകുപ്പ് ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കുക, കടകളിലും മറ്റും സാനിറ്റൈസറും മാസ്‌കും നൽകാതിരിക്കുക, തിരക്ക് നിയന്ത്റിക്കാതിരിക്കുക, റോഡിൽ തുപ്പുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും കേസിനു പരിഗണിക്കാം.
വാഹനങ്ങളിൽ സെക്ടറൽ മജിസ്‌ട്രേട്ട് എന്ന ബോർഡ് വയ്ക്കണം. പ്രത്യേക നെയിംടാഗും ബാഡ്ജും ഉണ്ട്.
മജിസ്ട്രേറ്റിന്റെ വാഹനമെത്തുമ്പോൾ ഓടിയാെളിക്കുന്നവരാണ് അധികവും. യൂണിഫോമോടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സദാ കൂടെയുണ്ട്.
കടയുടമയുടെ ഓട്ടം
കഴിഞ്ഞ ദിവസം പട്ടിമറ്റത്ത് പുകയില ഉല്പന്നങ്ങൾ വിറ്റ അന്യ സംസ്ഥാനക്കാരുടെ വിവരങ്ങൾ ടാക്സി ഡ്രൈവർമാർ കൈമാറിയത് ഈ മജിസ്ട്രേറ്റിനാണ്. പട്ടിമറ്റത്തിനടുത്ത് ടെക്‌സ്റ്റൈൽ ഷോപ്പിൽ പരിശോധനയ്ക്ക് എത്തിയതാണ് സംഘം. കടയുടമ ലോക്ക്ഡൗൺ കാലത്ത് പുറത്ത് കറങ്ങി നടന്ന കേസിലെ പ്രതിയാണ്. കോടതി നോട്ടീസയിച്ചിട്ടും ഇയാൾ ഹാജരായിരുന്നില്ല. സെക്ടറൽ മജിസ്ട്രേട്ടെന്ന് കേട്ട താമസം കടയുടമ പുറത്തേക്കിറങ്ങി ഒറ്റയോട്ടം, കോടതിയിൽ ഹാജരാകത്തതിന് മജിസ്ട്രേട്ട് നേരിട്ടെത്തിയെന്നാണ് കടയുടമ കരുതിയത്.