durga
ദുർഗാദേവിയുടെ ഏഴാംദിന ഭാവമായ കാളരാത്രിമാതാ

കൊച്ചി: ദുർഗാദേവിയുടെ നവരാത്രി കാലത്തെ ഓരോ ദിവസത്തെയും ഭാവങ്ങൾക്ക് ചിത്രാവിഷ്‌കാരം നൽകി കലാകാരന്മാരുടെ സംഘം. പുരാണങ്ങളിൽ വിവരിക്കുന്ന ഭാവങ്ങൾ മോഡലിനെ ഉപയോഗിച്ച് ഫോട്ടോകൾ ഒരുക്കിയാണ് സ്ത്രീശക്തിയെ ആവിഷ്‌കരിച്ചത്.
നവരാത്രിയുടെ ഓരോ ദിവസവും ദുർഗാദേവിയെ ഓരോ ഭാവങ്ങളിലാണ് പുരാണങ്ങളിൽ വർണിക്കുന്നത്. ഓരോ ദിവസവും ഭാവങ്ങൾക്കനുസരിച്ചാണ് ആരാധിക്കുന്നത്. ദുർഗാദേവിയുടെ ശക്തിയാണ് വിവിധ ഭാവങ്ങളിൽ നിറയുന്നത്. സമൂഹമാകെ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അതിക്രമങ്ങൾക്ക് ഇരയാകുന്ന കാലത്ത് സ്ത്രീശക്തിയെ ദൃശവത്കരിക്കുകയെന്ന ആശയം ഒരു വർഷം മുമ്പാണ് ഡോ. വീണ ശാന്തനുവിന്റെ മനസിലുദിച്ചത്.
മോഡലിനെ ഉപയോഗിച്ച് ദേവിയുടെ ഭാവങ്ങൾ ചിത്രീകരിക്കുകയെന്ന ആശയം പ്രാവർത്തികമാക്കുകയെന്ന ദൗത്യമായിരുന്നു വെല്ലുവിളി. ഓരോ ദിവസത്തെയും ഭാവങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് പ്രാഥമികരൂപം നൽകി. മോഡലിനെ കണ്ടെത്തി ഭാവങ്ങൾ വിവരിച്ചുനൽകി. ഡോ. വീണ ശാന്തനു ഭാവങ്ങൾ അഭിയിച്ചു കാണിച്ചും നൽകി. ഓരോ ദിവസത്തെയും ഭാവങ്ങൾ മേക്കപ്പ് ചെയ്‌തൊരുക്കുകയും ചെയ്തു. മേക്കപ്പായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ദിവസങ്ങൾ നീണ്ട പരിശ്രമം വഴി ചിത്രങ്ങൾ പകർത്തി. ചിത്രങ്ങൾ പൂർണമായി ചിത്രീകരിക്കാൻ കഠിനമായ അദ്ധ്വാനവും ക്ഷമയും വേണ്ടിവന്നു. ഫോട്ടോഷോപ്പും ഗ്രാഫിക്‌സും ഉപയോഗിച്ചില്ല.
മിഥുൻലാലാണ് ഫോട്ടോകൾ പകർത്തിയത്. സുമേഷ് മേക്കപ്പ് നിർവഹിച്ചു. കെ.കെ. അജിത് ഡിെൈസൻ നിർവഹിച്ചു. എ. ശാന്തനുവാണ് നിർമ്മാതാവ്.
ഓൺലൈനിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. എഴുത്തുകാരി, അവതാരക, നിർമ്മാതാവ്, സംവിധായിക, വ്‌ളോഗർ എന്നീ നിലകളിൽ ഒരു പതിറ്റാണ്ടായി പ്രവർത്തിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ ഡോ. വീണ.


ഭാവങ്ങൾ
ഒന്നാംദിനം : ശൈലപുത്രി
രണ്ടാം ദിനം : ബ്രഹ്മചാരിണി
മൂന്നാം ദിനം : ചന്ദ്രഗന്ധ
നാലാം ദിനം : കൂഷ്മാണ്ഠ
അഞ്ചാം ദിനം : സ്‌കന്ദമാതാ
ആറാം ദിനം : കാർത്യായനിമാതാ
ഏഴാം ദിനം : കാളരാത്രിമാതാ
എട്ടാം ദിനം : മാതാഗൗരി
ഒൻപതാം ദിനം : സിദ്ധിഗാത്രി

സ്ത്രീശക്തിയുടെ പ്രതീകം
നമ്മുടെ സംസ്‌കാരത്തിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമാണ് നവദുർഗ അവതാരങ്ങൾ. വിവിധ ഭാവങ്ങളിലും ശക്തിയാണ് അവയിൽ നിറയുന്നത്. മനുഷ്യാരാകെ അക്രമങ്ങൾ നേരിടുന്ന കാലത്ത് സ്ത്രീശക്തിയും കരുത്തും ആവിഷ്‌കരിക്കാനാണ് ശ്രമിച്ചത്.
ഡോ. വീണ ശാന്തനു