കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ 3ാം വാർഡിൽ ഉൾപ്പെടുന്ന കൊച്ചുപുരക്കൽ കടവ് ഭാഗത്ത് സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന നിരവധി പേരാണുള്ളത്. ഇവരിൽ പലർക്കും പട്ടയം ലഭ്യമാക്കുവാൻ തടസങ്ങളൊന്നുമില്ലെങ്കിലും അധികൃതരുടെ പിടിപ്പുകേട് ഇതിന് തടസമാകുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ല ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണ പതയാത്ര സംഘടിപ്പിച്ചു. പാണിയേലി കൊച്ചുപുരക്കൽ കടവിൽ നടന്ന പതയാത്രയിൽ 50 വർഷമായി പട്ടയമില്ലാതെ ദുരിതമനുഭവിക്കുന്ന നടുക്കുടി പൊന്നപ്പൻ, ജില്ല ഭൂസമര സമിതി അംഗം തോമസ് കെ. ജോർജിന് പതാക കൈമാറി. ജില്ല സമിതി അംഗം പി.എ. സിദ്ദിഖ്, വേങ്ങൂർ പഞ്ചായത്ത് സമിതി കൺവീനർ കെ.സി. കാർത്തിക, എ.ഡി. സുബാദ്, കെ.എസ്. രാജേഷ്, സാബു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.