 
ആലുവ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംഘടിത സമുദായങ്ങൾക്ക് മാത്രം സ്ഥാനാർത്ഥിത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പതിവ് നയം തിരുത്തി പിന്നാക്കക്കാർക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
124 വർഷം മുമ്പ് ഡോ. പൽപ്പു അവതരിപ്പിച്ച ഈഴവ മെമ്മോറിയൽ പുനരവതരിപ്പിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. പിന്നാക്ക സംവരണം നിഷേധിക്കുന്ന പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് പറഞ്ഞു.
ജില്ലാ ചെയർമാൻ അഡ്വ പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസമിതി വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് മേലാംങ്കോട്, ഉണ്ണി കാക്കനാട്, ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ എന്നിവർ സംഘടനാ സന്ദേശം നൽകി. സൈബർ സേനാ കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ 'നവമാധ്യമ രംഗത്ത് യുവാക്കളുടെ പങ്ക്' എന്ന വിഷയത്തിൽ ക്ളാസെടുത്തു.
ആലുവാ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ, കേന്ദ്ര സമിതി അംഗങ്ങളായ ഷിനിൽ കോതമംഗലം, ശ്യം പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട് സ്വാഗതവും ട്രഷറർ തിലകൻ നന്ദിയും പറഞ്ഞു.
ജില്ലയിൽ യൂണിയൻ - യൂണിറ്റ് സമിതികൾ അടിയന്തരമായി പുനഃസംഘടിപ്പിക്കും.