bus

ആലുവ: വാഹനപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിനുള്ള 1.25 ലക്ഷം രൂപയടങ്ങിയ ബാഗ് യുവതി കെ.എസ്.ആർ.ടി.സി ബസിൽ മറന്നുവച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പൊലീസിന്റെയും സഹായത്തോടെ 20 കിലോമീറ്റർ പിന്തുടർന്ന് പണവും ബാഗും തിരികെയെടുത്തു.

കൊടകര കാവിൽപ്പാടം അമ്പാടി ലെയിൻ നിനവിൽ പരേതനായ ചന്ദ്രന്റെ മകൾ സിജിക്കാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരിച്ചുകിട്ടിയത്. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. കറുകുറ്റി അഡ്ലസ് ആശുപത്രിയിൽ ചികിത്സയിലുള്ള ചെങ്ങാട്ടല്ലൂർ സ്വദേശിയെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പണവുമായി കൊടകരയിൽ നിന്നുമാണ് സിജി എറണാകുളത്തേക്കുള്ള ഫാസ്റ്റ് ബസിൽ കയറിയത്. കറുകുറ്റിയിൽ ഇറങ്ങേണ്ട വയോധികയെ ഇറങ്ങാൻ സഹായിച്ചതോടെ പണമടങ്ങിയ ബാഗ് എടുക്കാൻ വിട്ടുപോയി.

ആശുപത്രിയിലേക്ക് നടക്കുന്നതിനിടെയാണ് ബാഗ് എടുത്തില്ലെന്നത് ഓർത്തത്. ഉടൻ അതുവഴി വന്ന പോട്ട സ്വദേശിയായ ശ്രേയസിന്റെ ബൈക്കിൽ അങ്കമാലിയിലെത്തിയപ്പോഴേക്കും ബസ് ഡിപ്പോ വിട്ടിരുന്നു. അവിടെ നിന്നും ആലുവ ഡിപ്പോയിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും അറിയിച്ചു. ബസ് ആലുവ സ്റ്റാന്റിലെത്തിയപ്പോഴേക്കും പൊലീസും ആലുവ ഡിപ്പോ അധികൃതരും ബാഗിനായി കാത്തുനിൽപ്പുണ്ടായിരുന്നു. സ്റ്റോപ്പുകളിൽ നിന്നും അധികം യാത്രക്കാർ കയറാത്തതിനാൽ സിജി വച്ച സീറ്റിൽ തന്നെ ബാഗുണ്ടായിരുന്നു.

ബസ് ആലുവയിലെത്തി 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സിജിയെത്തിയത്. തുടർന്ന് കൺട്രോൾ റൂം എ.എസ്.ഐ സി.കെ. ഷിബു, ആലുവ ഡിപ്പോ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ പി.എൻ. സന്തോഷ് എന്നിവരിൽ നിന്നും സിജി ബാഗ് ഏറ്റുവാങ്ങി. സി.പി.ഒമാരായ എം.കെ. അഫ്സൽ, കെ.എം. ഫൈസൽ, ബസ് ഡ്രൈവർ എം.ബി. സുരേഷ്, കണ്ടക്ടർ പി.വി. സാബു എന്നിവരുണ്ടായിരുന്നു. തൃശൂർ രാമവർമ്മപുരം ഡയറ്റിലെ ലക്ച്ചററാണ് സിജി.